കോട്ടയം: തിരവല്ലയിലെ സിപിഎം നേതാവ് സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ സിപിഎം-ബിജെപി പോര് രൂക്ഷം. അറസ്റ്റിലായവരിൽ ഒരാൾ ബിജെപിക്കാരനാണെന്നും മറ്റുള്ളവരെ അവർ സംഘടിപ്പിച്ചതാണെന്നും പൊലീസ് എഫ് ഐ ആറിൽ ആ രാഷ്ട്രീയം ഉണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. സന്ദീപ് കുമാറിന്റെ വീട്ടിലെത്തി കുടുംബത്തിനെ ആശ്വസിപ്പിച്ചതിന് ശേഷമാണ് കോടിയേരി ബിജെപിയാണ് കൊലയ്ക്ക് പിന്നിലെന്ന് ആവർത്തിച്ചത്. പ്രതികളിൽ ഒരാൾ മാത്രമാണ് ബിജെപിക്കാരനെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനെ അതിശക്തമായി പ്രതിരോധിച്ച് കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരനും രംഗത്തു വന്നത്.

പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ തീർക്കരുതെന്നാണ് മുരളീധരന്റെ മുന്നറിയിപ്പ്. ബിജെപിക്ക് ഈ കേസുമായി ബന്ധമില്ല. ഇത് സിപിഎമ്മുകാർ നടത്തിയ കൊലയാണ്. തിരുവല്ലയിൽ സിപിഎം-ബിജെപി സംഘർഷമൊന്നുമില്ല. ഈ മേഖലയുടെ സമാധാനം തകർക്കരുത്. സിപിഎമ്മുകാരെ കൊണ്ട് ബിജെപി സിപിഎം നേതാവിനെ കൊലപ്പെടുത്തിയതാണോ എന്ന് കോടിയേരി വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞു. കഞ്ചാവു മാഫിയയെ നിയന്ത്രിക്കുകയാണ് വേണ്ടത്. പൊലീസിനെ സമ്മർദ്ദത്തിലാക്കി അന്വേഷണം അട്ടിമറിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. ഫസൽ കേസ് അന്വേഷിച്ച ഐപിഎസുകാരനായ രാധാകൃഷ്ണന് പെൻഷൻ പോലും കൊടുക്കാത്തത് പൊലീസുകാരെ സമ്മർദ്ദത്തിലാക്കാനാണോ എന്നും കേന്ദ്ര മന്ത്രി ചോദിക്കുന്നു.

പൊലീസിലുള്ളവർക്ക് ഭയമുണ്ട്. അന്വേഷണം നേരെ നടത്തിയാൽ രാധാകൃഷ്ണന്റെ അവസ്ഥ വരും. അതുകൊണ്ടാണ് അവർ നിലപാട് മാറ്റുന്നതെന്നും മുരളീധരൻ പറയുന്നു. പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകം സിപിഎം തന്നെ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്ത് വന്നിരുന്നു. ചില നേതാക്കൾക്ക് വിവരം നേരത്തെ അറിയാമായിരുന്നുവെന്നും കൊലപാതകത്തിന് ശേഷമുള്ള പല നേതാക്കളുടേയും പ്രതികരണങ്ങളിൽ നിന്നും അത് വ്യക്തമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

''മുഖ്യമന്ത്രിയുടെ ഫെയിസ് ബുക്ക് പോസ്റ്റിൽ പോലും ആർ എസ് എസിനെ വിമർശിച്ചിട്ടില്ല''. യഥാർത്ഥ പ്രതികളെ പുറത്തെത്തിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കൊലപാതകത്തിലെ ഗൂഢാലോചനയിലും അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ''തിരുവല്ലയിൽ കൊലപാതകത്തിന് പിന്നാലെ ഉടൻ തന്നെ പോസ്റ്ററുകൾ നിരന്നു. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ കൊലക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് ഉടൻ തന്നെ പറഞ്ഞു''. ഇതെല്ലാം സിപിഎമ്മിന് കൊലയെകുറിച്ച് അറിയാമായിരുന്നുവെന്നതിലേക്കാണ് എത്തിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

''സന്ദീപിന് നേരെയുണ്ടായത് ഗൂണ്ടാ ആക്രമണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് സിപിഎം ഇടപെട്ട് ആർഎസ്എസ് പ്രവർത്തകരാണെന്ന് തിരുത്തിച്ചു. ഈ കൊലപാതകത്തിലെ പ്രതികളിലെരാൾ കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലാണ്. ഇയാളുടെ പങ്കാളിത്തം എന്താണെന്ന് പൊലീസ് പറയണം. ഇയാൾ ജയിലിൽ നിന്നാണ് ഇവരുമായി ബന്ധപ്പെട്ടതെന്നാണ് സിപിഎം പറയുന്നത്''. സിപിഎം നേതൃത്വത്തിന്റെ ആഞ്ജാനുവർത്തികളാണ് ജയിലിൽ കഴിയുന്നവരെന്നും കൊലപാതകത്തിലെ ഗൂഢാലോചനയിലും അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സന്ദീപ് കുമാറിന്റെ കഴുത്തിൽ വെട്ടിയത് താനാണെന്ന് പ്രതികളിൽ ഒരാളായ വിഷ്ണു കുമാർ വെളിപ്പെടുത്തിയിരുന്നു. സന്ദീപ് മരിക്കുമെന്ന് കരുതിയില്ല. ജിഷ്ണുവും സന്ദീപും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൈയിൽ കിട്ടിയപ്പോൾ വെട്ടിക്കൊലപ്പടുത്തിയതാണെന്നും റിപ്പോർട്ട്. വിഷ്ണുവിന്റെ ഫോൺ സംഭാഷണം പുറത്തുവന്നതിലാണ് ഇക്കാര്യം പറയുന്നത്. ആക്രമണം നടത്തിയ ശേഷം വീട്ടിലെത്തിയ വിഷ്ണു പെരിങ്ങരിയിലുള്ള സുഹൃത്തിനെയാണ് വിളിച്ചത്. കോൺഫറൻസ് കോളിൽ തിരുവല്ലയിലുള്ള ഒരു സുഹൃത്തിനേയും ഉൾപ്പെടുത്തുകയായിരുന്നു. സന്ദീപിനെ ആക്രമിച്ചെങ്കിലും മരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഇയാൾ കൊല്ലപ്പെട്ടെന്ന് അറിഞ്ഞിട്ടും യാതൊരു കുറ്റബോധവും തോന്നാത്ത വിധത്തിലാണ് വിഷ്ണുവിന്റെ ഫോൺ സംഭാഷണം.

കൃത്യം നടത്തിയ ശേഷം അഞ്ചംഗ സംഘം മൂന്നായി തിരിഞ്ഞു. ഒന്നാം പ്രതി ജിഷ്ണു, പ്രമോദ്, നന്ദു എന്നിവർ കരുവാറ്റയിലേക്കാണ് പോയത്. മുഹമ്മദ് ഫൈസൽ മറ്റൊരിടത്തേക്കും അഞ്ചാം പ്രതിയായ വിഷ്ണു കുമാർ സ്വന്തം വീട്ടിലേക്കുമാണ് പോയത്. ജിഷ്ണുവും സന്ദീപുമായി മുൻപും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കൈയിൽ കിട്ടിയപ്പോൾ അങ്ങ് ചെയ്തുവെന്നും വിഷ്ണു സംഭാഷണത്തിൽ പറയുന്നുണ്ട്. ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള നീക്കം നടന്നതായും സംഭാഷണത്തിൽ പറയുന്നുണ്ട്.

പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവർ പൊലീസിൽ കീഴടങ്ങുമെന്നും എന്നാൽ താൻ കയറേണ്ടതില്ലെന്നാണ് നിർദ്ദേശമെന്നും വിഷ്ണു പറയുന്നു. അതേസമയം കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. കൊലപാതകത്തിനുള്ള കാരണം വ്യക്തി വിരോധം തന്നെയാണെന്ന് ശരിവെയ്ക്കുന്നതാണ് ഈ സംഭാഷണങ്ങൾ. എന്നാൽ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പുവരുത്താൻ ശാസ്ത്രീയ പരിശോധന ഉൾപ്പെടെ നടത്തേണ്ടതുണ്ട്.