ആലപ്പുഴ: പുന്നപ്ര വയലാർ രക്ഷസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ബിജെപി സ്ഥാനാർത്ഥിയുടെ നീക്കം വിവാദത്തിൽ. ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥിയായ സന്ദീപ് വചസ്പതിയാണ് പുന്നപ്ര വയലാർ രക്ഷസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു പുഷ്പാർച്ചന. ഗേറ്റ് തകർത്താണ് സന്ദീപ് വചസ്പതി അകത്തു കയറിയതെന്ന് സിപിഐ ആരോപിക്കുന്നു. ഗേറ്റ് തകർത്തിന് പരാതി നൽകുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു.

ഈ നാടിന് വേണ്ടി ബലിദാനികളായ സാധാരണക്കാരാണ് ഇവിടെ അന്തിയുറങ്ങുന്നത്. ഇവിടെ ഉയരേണ്ടത് വഞ്ചനയുടെ സ്മാരകമാണെന്നും പുഷ്പാർച്ചനയ്ക്ക് ശേഷം സന്ദീപ് വചസ്പതി പ്രതികരിച്ചു. കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഏറ്റവും വലിയ വഞ്ചനയുടെ പ്രതീകമാണിത്. പുന്നപ്രയിലും വയലാറിലും ഉണ്ടായ വെടിവെയ്‌പ്പിൽ എത്രപേർ മരിച്ചുവീണ് എന്നതിന് സിപിഎം നേതാക്കളുടെ പക്കൽ ഒരു കണക്കുമില്ല. തോക്കിന് മുന്നിലേക്ക് സാധാരണക്കാരെ തള്ളിവിടുകയായിരുന്നു-സന്ദീപ് വചസ്പതി പറയുന്നു.

കമ്യൂണിസ്റ്റ് വഞ്ചനയിൽ അകപ്പെട്ട് ജീവിതം ഈ രാഷ്ട്രത്തിന് വേണ്ടി ഹോമിക്കേണ്ടി വന്നവരുടെ സ്മരണയ്ക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കാനാണ് ഞങ്ങൾ എത്തിയത്. ഭാരതത്തിലെ പൗരൻ എന്ന നിലയിലെ ഇത് എന്റെ കടമായാണെന്നും സന്ദീപ് പറഞ്ഞു. ഇതിനെ ഗൗരവത്തോടെ എടുക്കുമെന്ന് സിപിഐ അറിയിച്ചു. ഈ സ്ഥലം സിപിഐയുടെ അധീനതയിലാണ്. എന്നാൽ പുന്നപ്ര വയലാർ രക്തസാക്ഷിത്വം സിപിഎമ്മും സമുചിതമായി ആചരിക്കാറുണ്ട്. അത്തരമൊരു സ്ഥലത്താണ് ബിജെപി സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത പുഷ്പാർച്ചന.

പാർട്ടി ഓഫീസു പോലെ കമ്മ്യൂണിസ്റ്റുകാർ സ്വകാര്യമായി കാണുന്നിടത്താണ് സന്ദീപ് വചസ്പതിയും കൂട്ടരും അപ്രതീക്ഷിതമായി എത്തിയത്. പുഷ്പാർച്ചന നടത്തി തിരിച്ചു പുറത്തു വന്നു. ചാനൽ ക്യാമറകളും ഒപ്പമുണ്ടായിരുന്നു. സിപിഐയേയും സിപിഎമ്മിനേയും വെല്ലുവിളിക്കാൻ കെൽപ്പുള്ള സ്ഥാനാർത്ഥിയാണ് താനെന്ന് സന്ദേശമാണ് ഇതിലൂടെ സന്ദീപ് വചസ്പതി നൽകാൻ ശ്രമിച്ചത്.

ഈ സാഹചര്യത്തിലാണ് ഗേറ്റ് തകർത്തു കടന്നുവെന്ന ആരോപണം സിപിഐയും ഉയർത്തുന്നത്. പൊലീസിൽ പരാതി നൽകിയാൽ അതിക്രമിച്ച് കയറിയതിന് കേസെടുക്കാൻ സാധ്യതയുണ്ട്.

പുഷ്പാർച്ചനയെ കുറിച്ച് സന്ദീപ് വചസ്പതി ഇട്ട പോസ്റ്റ് ഇങ്ങനെ

കേരള ചരിത്രത്തിലെ കമ്മ്യുണിസ്റ്റ് വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാർ സ്മാരക മണ്ഡപം. പൊലീസ് തോക്കിൽ നിന്ന് വെടിയുണ്ട അല്ല ഉപ്പും മുതിരയുമാണ് വരുന്നതെന്ന് പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിച്ച കൊടിയ വഞ്ചനയാണ് പുന്നപ്രയിലും വയലാറിലും അരങ്ങേറിയത്.

പട്ടിക ജാതിക്കാരും പിന്നാക്കക്കാരുമായ ആയിരക്കണക്കിന് നിരപരാധികളാണ് രണ്ടിടത്തുമായി പിടഞ്ഞു വീണ് മരിച്ചത്. എത്ര പേർ രക്തസാക്ഷികളായി എന്ന കണക്ക് പോലും രണ്ടു പാർട്ടികൾക്കും അറിയില്ല. വെടി പൊട്ടുന്നതിന് മുൻപ് നേതാക്കൾ നാട് വിട്ടിരുന്നു. പ്രസ്ഥാനത്തെ വിശ്വസിച്ച് ജീവിതം നഷ്ടമായ ആയിരക്കണക്കിന് നിരപരാധികളുടെ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു. പിന്നാക്ക വിഭാഗങ്ങളോട് ഇടത് പക്ഷം എന്നും കാണിക്കുന്ന വഞ്ചനയുടെ പ്രതീകമാണ് ഇത്.