നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന ‘വിജയയാത്ര' ഇന്ന് ആരംഭിക്കാനിരിക്കെ സൈബർ ലോകത്ത് ചർച്ചയാകുന്നത് ബിജെപി വക്താവ് സന്ദീപ് വാര്യർ പങ്കുവെച്ച പോസ്റ്ററാണ്. ദൃശ്യം 2 സ്റ്റൈൽ പോസ്റ്ററാണ് സന്ദീപ് വാര്യർ തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചത്. ദൃശ്യത്തിലെ ‘അയാളുടെ കുടുംബത്തെ രക്ഷിക്കാൻ അയാൾ ഏതറ്റം വരേയും പോകും' എന്ന ഡയലോഗും പോസ്റ്ററിൽ കടമെടുത്തിട്ടുണ്ട്. അയാളുടെ നാടിനെ രക്ഷിക്കാൻ അയാൾ ഏതറ്റം വരെയും പോകും എന്നാണ് വിജയ യാത്രയുടെ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

‘പുതിയ കേരളത്തിനായി വിജയയാത്ര' എന്ന മുദ്രാവാക്യമുയർത്തിയാണ് പര്യടനം ആരംഭിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പര്യടനം നയിക്കും. ഇന്ന് കാസർഗോഡ് നിന്നു ആരംഭിക്കുന്ന പ്രയാണം ഉത്തർപ്രദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. ഇന്നു വെെകീട്ട് കാസർഗോഡ് താളിപ്പടുപ്പ് മെെതാനിയിൽ ആണ് ഉദ്ഘാടനം. കാസർഗോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും പ്രവർത്തകർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന യാത്ര മാർച്ച് 6 നാണ് സമാപനം. വിജയ് യാത്രയുടെ സമാപന ചടങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുൻ ദേശീയ അധ്യക്ഷനുമായ അമിത്ഷായും പങ്കെടുക്കും. കേരളത്തിലുടനീളം നൂറോളം കേന്ദ്രങ്ങളിൽ വിജയ് യാത്രക്ക് സ്വീകരണം നൽകും.

വ്യാഴാഴ്ച രാത്രിയോട് കൂടെയായിരുന്നു ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹൻലാലിന്റെ ജോർജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സംവിധായകൻ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടർച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശ ശരത്, എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളുമുണ്ട്. രണ്ടാം ഭാഗത്തിൽ മുരളി ഗോപി , സായികുമാർ, ഗണേശ് കുമാർ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ‘വിജയയാത്ര' പര്യടനം ആരംഭിക്കുന്നത്. സർക്കാർ എല്ലാ മേഖലകളിലും കടുംവെട്ട് നടത്തുന്നു, ഇതിന്റെ ഭാഗമാണ് ആഴക്കടൽ മൽസ്യബന്ധന കരാറും. അഴിമതിയിൽ മുങ്ങിക്കുളിച്ച യുഡിഎഫിന് സർക്കാരിനെ വിമർശിക്കാൻ അവകാശമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഇരുമുന്നണികളും ജനങ്ങളോട് പറയാൻ മടിക്കുന്ന വിഷയങ്ങൾ ബിജെപി ‘വിജയയാത്ര'യുടെ ഭാഗമായി ഉന്നയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

നാളെ കണ്ണൂർ ജില്ലയിലാണ് പര്യടനം. മാർച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. യോഗി ആദിത്യനാഥിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മുതൽ വിദ്യാനഗർ മുതൽ കുമ്പള വരെയുള്ള ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

 

ഇന്നു മുതൽ വിജയകരമായ യാത്ര തുടങ്ങുന്നു . #vijayayathra #bjpkeralam #KSurendran

Posted by Sandeep.G.Varier on Saturday, February 20, 2021