തിരുവനന്തപുരം: സാനിറ്റൈസർ കഴിച്ച് അവശനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരുന്നയാൾ മരിച്ചു. പേയാട് അമ്പൻകോട് പരമേശ്വര വിലാസത്തിൽ മോഹനൻ നായർ (60) ആണ് മരിച്ചത്. ഇദ്ദേഹം സ്ഥിരമായി സാനിറ്റൈസർ കഴിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച അമിതമായ അളവിൽ സാനിറ്റൈസർ കഴിച്ചതിനെ തുടർന്ന് അവശനിലയിൽ ആകുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് മരിച്ചത്.

കൂലിപ്പണിക്കാരനായ മോഹനൻ നായർ സ്ഥിരമായി സാനിറ്റൈസർ കഴിക്കാറുണ്ടെന്നും പേയാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചില മെഡിക്കൽ സ്റ്റോറിൽ നിന്നാണ് അദ്ദേഹം ഇത് വാങ്ങാറുള്ളതെന്നും പ്രദേശവാസികൾ പറയുന്നു. പേയാട് സ്വദേശികളായ രണ്ടുപേർ സമാന സംഭവത്തിൽ അടുത്തിടെ മരണപ്പെട്ടിരുന്നു. പരാതികളുയർന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് വിളപ്പിൽശാല പൊലീസ് അറിയിച്ചു. മോഹനൻ നായരുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രമാദേവി. മക്കൾ: രമ്യ, ലക്ഷ്മി. മരുമക്കൾ: രമേഷ്, അരുൺ.