മഞ്ചേരി: കിക്കോഫിന് സമയമേറെ, എങ്കിലും ആറ് മണിയോടെ പയ്യനാട്ടേക്ക് ജനം ഒഴുകിയെത്തി. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ആവേശ സെമിക്ക് സാക്ഷ്യം വഹിക്കാൻ മലപ്പുറത്തെ ഫുട്ബോൾ ആരാധകരുടെ ഒഴുക്കായിരുന്നു. പതിവ് പോലെ നോമ്പുതുറക്കുള്ള വിഭവങ്ങളുമായാണ് ആളുകൾ ഗ്യലറിയിലെത്തിയത്. കേരളത്തിന്റെ സിൽവർജൂബിലി സെമി പ്രവേശനമാണിത്. 25-ാം തവണയാണ് കേരളം സന്തോഷ് ട്രോഫിയിൽ സെമിയിലെത്തുന്നത്.

ഇന്ന് രാത്രി 8.30 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിയിൽ ആതിഥേയരായ കേരളം അയൽ സംസ്ഥാനമായ കർണാടകയെ നേരിടും. തുടച്ചയായി മൂന്നാം തവണയാണ് കർണാടക സെമി കളിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ വെസ്റ്റ് ബംഗാളും പഞ്ചാബും ഉൾപ്പെട്ട ഗ്രൂപ്പിൽ മൂന്ന് ജയവും ഒരു സമനിലയുമായി തോൽവി അറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ആണ് കേരളം സെമിക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് മത്സരത്തിൽ രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, പഞ്ചാബ് എന്നീ ടീമുകളെയാണ് കേരളം തോൽപ്പിച്ചത്.

മേഘാലയയോട് സമനില വഴങ്ങി. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ആണ് കർണാടക സെമിക്ക് യോഗ്യത നേടിയത്. പരിശീലകൻ അടക്കം അഞ്ച് മലയാളി താരങ്ങൾ കർണാടക ടീമിലുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. ഒരിക്കൽ പോലും സന്തോഷ് ട്രോഫി ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടില്ലെങ്കിലും നിർണായക സെമി ഫൈനൽ മത്സരങ്ങളിൽ എല്ലാം കേരളത്തിന് മുന്നിൽ കർണാടകയാണ് പ്രത്യക്ഷപ്പെടാറ്. കേരളം രൂപീകരിക്കും മുമ്പേ തിരു-കൊച്ചി ടീം ആദ്യമായി ഒരു സന്തോഷ് ട്രോഫി മത്സരം കളിക്കുന്നത് മൈസൂരിന് (നിലവിൽ കർണാടക) എതിരെയാണ്. 1952 ബംഗളൂരു നാഷണലിൽ കെ പി വിജയകുമാർ നയിച്ച തിരു-കൊച്ചി ടീം ടി ഷൺമുഖം, ബഷീർ തുടങ്ങിയ ഒളിമ്പ്യൻ താരങ്ങൾ ഉൾപ്പെട്ട മൈസൂർ ടീമിനോട് 4-1 ന് തോറ്റു.

1973 കൊച്ചി സന്തോഷ് ട്രോഫി നേടിയ ശേഷം കേരളം കപ്പ് ഫേവറിറ്റുകളായ മറ്റൊരു ടൂർണമെന്റ് 1975 ലെ കോഴിക്കോട് സന്തോഷ് ട്രോഫിയായിരുന്നു. ഗോളി വിക്ടർ മഞ്ഞില നായകസ്ഥാനത്തു വന്ന ആ ടൂർണമെന്റിൽ പക്ഷേ, കേരളം അപ്രതീക്ഷിതമായി സെമിയിൽ കർണാടകയോട് തോറ്റു. നാഗേഷും രാജശേഖരനും എല്ലാം ഉൾപ്പെടുന്ന അന്നത്തെ കർണാടക ടീം ശരിക്കും മലയാളികളെ കണ്ണീർ കുടിപ്പിച്ചാണ് ഫൈനലിൽ ഇടം നേടിയത്. എന്നാൽ 1988 കൊല്ലം, 1989 ഗുവാഹട്ടി സന്തോഷ് ട്രോഫികളിൽ കേരളം കർണാടകയെ തോൽപ്പിച്ച് ഫൈനലിലേക്കു പോയി.