മഞ്ചേരി: സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ് ഫൈനൽ റൗണ്ട് മത്സര സംഘാടനത്തിന് മുന്നോടിയായി ഉപസമിതികൾ യോഗം ചേർന്ന് ഒരുക്കങ്ങളും തുടർ നടപടികളും വിലയിരുത്തി. ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗ്യചിഹ്നത്തിന് അപേക്ഷ ക്ഷണിക്കാൻ യോഗം തീരുമാനിച്ചു.

കേരളത്തെയും സന്തോഷ് ട്രോഫിയെയും അടയാളപ്പെടുത്തുന്നതായിരിക്കണം ഭാഗ്യ ചിഹ്നം. വിദ്യാർത്ഥികൾ മുതൽ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. തയാറാക്കിയ ചിഹ്നത്തിന്റെ പകർപ്പ് 21ന് മുമ്പായി സ്‌പോർസ് കൗൺസിലിൽ നേരിട്ടോ santoshtrophymalappuram@gmail.com  എന്ന മെയിൽ ഐഡിയിലോ ഫോൺനമ്പർ സഹിതം അയക്കണം. വിജയിക്ക് ആകർഷകമായ സമ്മാനം നൽകും.

75ാമത് സന്തോഷ് ട്രോഫിയുടെ പ്രചാരണാർഥം കേരളത്തിലെ സന്തോഷ് ട്രോഫി താരങ്ങളെയും മലപ്പുറം ജില്ലയിലെ ജൂനിയർ, സബ് ജൂനിയർ താരങ്ങളെയും ഉൾപ്പെടുത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കും. പ്രമോ വിഡിയോ, തീം സോങ്, ലക്ഷം ഗോൾ പരിപാടി എന്നിവയും സംഘടിപ്പിക്കും. ചാമ്പ്യൻഷിപ്പിന് ആവശ്യമായ ആംബുലൻസുകൾ ജില്ലയിലെയും സമീപ ജില്ലയിലെയും സർക്കാർ, സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ കണ്ടെത്താൻ ഡെപ്യൂട്ടി ഡി.എം.ഒയുടെ അധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ കമ്മിറ്റിയും തീരുമാനിച്ചു. കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കും.

കായിക മന്ത്രി വി. അബ്ദുറഹ്‌മാനു വേണ്ടി പ്രൈവറ്റ് സെക്രട്ടറി കെ.പി. അനിൽ, ജില്ല ഇൻഫർമേഷൻ ഓഫിസർ പി. റഷീദ് ബാബു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അഹമ്മദ് അഫ്‌സൽ, ഡോ. എം.എസ്. രാമകൃഷ്ണൻ, ഡോ. ജോണി ചെറിയാൻ, ഡോ. അബുസബാഹ്, ജയകൃഷ്ണൻ, ഡോ. എ.കെ. മുനീബ് തുടങ്ങിയവർ പങ്കെടുത്തു.