ലണ്ടൻ: വർഷങ്ങളായി മലയാളികൾ കണ്ടാസ്വദിക്കുന്ന ചാനൽ ആക്ഷേപഹാസ്യ പരിപാടി ഏഷ്യാനെറ്റിലെ മുൻഷിക്ക് ഇന്നും പകരക്കാരില്ല എന്നതാണ് സത്യം. ചാനൽ വാർത്തക്ക് ഒപ്പമെത്തുന്ന സമകാലിക ഹാസ്യത്തിന്റെ ചൂടറിയാത്ത രാഷ്ട്രീയ പാർട്ടികളും നേതാക്കളും സാമൂഹിക സംഘടനകളും ഇല്ലെന്നു പറയാം. മുൻഷിക്കൊപ്പം യാത്ര ചെയ്തവർ പലരും ജീവിതത്തിൽ നിന്നും തന്നെ നടന്നു മറഞ്ഞെങ്കിലും മുൻഷി ഇപ്പോഴും മുടക്കമില്ലാതെ യാത്ര തുടരുകയാണ്. സമാനഗതിയിൽ മറ്റു പല ചാനലുകളിലും പരിപാടികൾ വന്നെങ്കിലും അതിനൊന്നും മുൻഷിയുടെ ഏഴയലത്തു വന്നുനിൽക്കാൻ ഉള്ള കരുത്തുണ്ടായിരുന്നില്ല.

ഈ നിരയിൽ ഏറ്റവും നവാഗതരായ ഹാസ്യപരിപാടി എത്തിയിരിക്കുകയാണ് ജനം ടിവിയിൽ, ഉടക്ക് സൂചി എന്ന പേരിൽ. എല്ലാ ദിവസവും വാർത്തയ്ക്കൊപ്പം അൽപം കളിയും കാര്യവുമായി എത്തുന്ന ഉടക്ക് സൂചി യുകെ മലയാളിയുടെ സംഭാവനയാണ് എന്നതാണ് ഏറ്റവും കൗതുകം. ബ്രട്ടിനിലെ ന്യൂകാസിൽ മലയാളി ജിബി ഗോപാലനാണ് ഉടക്ക് സൂചിയുടെ സംവിധായക റോളിൽ എത്തി ആവിഷ്‌ക്കാര ചുമതലകൾ നിർവഹിക്കുന്നത്.

ചെറിയ സെറ്റപ്പിൽ വലിയ കാര്യങ്ങൾ

ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ വലിയ കാര്യങ്ങൾ അവതരിപ്പിക്കുന്ന പരിപാടിയാണ് ഉടക്കു സൂചി എന്നുപറയാം. പേരിൽ തന്നെ സ്വഭാവവും അലിഞ്ഞു ചേർന്നിരിക്കുന്നു. സാദാ മലയാളിയുടെ ജീവിതത്തിൽ എവിടെ നോക്കിയാലും ഉടക്കുമായി എത്തുന്ന ഒരാൾ കാണാം. ചിലപ്പോൾ നല്ലതിനായിരിക്കാം, ചിലപ്പോൾ കാര്യം മുടക്കാനായിരിക്കാം. എന്തായാലും ഒരു ഉടക്കൽ കഥാപാത്രം ഇല്ലാതെ മലയാളിക്ക് സാമൂഹ്യ ജീവിതം ഇല്ലെന്നതാണ് സത്യം. നാലാൾ കൂടിയാൽ അതിലും കാണും മുടന്തൻ ന്യായവുമായി എത്തുന്ന ഒരു ഉടക്കൻ കഥാപാത്രം.

എന്നാൽ ജിബി തയ്യാറാക്കുന്ന ഹാസ്യ പരിപാടിയിൽ ഉടക്ക് സൂചി പലപ്പോഴും കാര്യങ്ങളെ ഗൗരവത്തോടെ വീക്ഷിച്ചു നേരായ വഴിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കഥാപാത്രമാണ്. ''വഴി തെറ്റിയ സമൂഹത്തെ നേർ വഴി നടത്താനുള്ള കാലികമായ ചുമതലയാണ് ഉടക്ക് സൂചി എന്ന ഹാസ്യ പരമ്പര ഏറ്റെടുക്കുന്നത്'', തന്റെ പരമ്പരയെ ഇപ്രകാരമാണ് ജിബി ഗോപാലൻ വിലയിരുത്തുന്നത്.

ചെറിയ ബഡ്ജറ്റിൽ സിനിമ, സീരിയൽ താരങ്ങളെയടക്കം അണിനിരത്തിയാണ് ഉടക്ക് സൂചി കാണികളെ തേടിയെത്തുന്നത്. പ്രധാനമായും എട്ടു കഥാപാത്രങ്ങളിലൂടെയാണ് ഉടക്ക് സൂചിയുടെ കഥാവിഷ്‌കാരം സംഭവിക്കുന്നത്. രാഷ്ട്രീയവും സമകാലിക പ്രസക്തമായ വിഷയങ്ങളും ചേർന്ന് പലപ്പോഴും പലരും തുറന്നു പറയാൻ മടിക്കുന്ന കാര്യങ്ങൾ സധൈര്യം മലയാളിക്ക് മുന്നിലേക്ക് എത്തിക്കുക എന്ന വെല്ലുവിളിയാണ് ഉടക്ക് സൂചി ഏറ്റെടുക്കുന്നത്. കലയിലും ആവിഷ്‌ക്കാരത്തിലും ഒക്കെ ''സുഖിപ്പിക്കൽ '' തന്ത്രം പ്രയോഗിക്കുന്ന കാലഘട്ടത്തിൽ ആരുടേയും മുഖം നോക്കാതെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമാണ് ഉടക്ക് സൂചിയിലൂടെ രൂപപ്പെടുന്നത്.

ആദ്യ ഉടക്കിൽ മതേതരത്വവും രാഷ്ട്രീയ ആദർശവും

കഴിഞ്ഞ രണ്ടു ദിവസം മുൻപാണ് ഉടക്ക് സൂചിയുടെ ജനനം. ആദ്യ എപ്പിസോഡിൽ അവതരണം നടന്നത് മതേതരത്വത്തെ മലയാളി എങ്ങനെയൊക്കെ സ്വന്തം താൽപര്യങ്ങൾക്കായി പരുവപ്പെടുത്തി എടുക്കുന്നു എന്നതിനെക്കുറിച്ചുള്ള വിമർശമായിരുന്നു. സ്വന്തം മതത്തെ കുറിച്ച് പറയുമ്പോൾ മതേതരം ആകുകയും അന്യമതത്തെ കുറിച്ചാകുമ്പോൾ വർഗീയ കാഴ്ചപ്പാടിൽ എത്തുകയും ചെയ്യുന്ന വികൃത ജീവികളാണ് ഇന്നത്തെ മലയാളി എന്ന സ്വയം വിമർശമാണ് ഉടക്ക് സൂചി ഉയർത്തിയത്. രണ്ടാം എപ്പിസോഡിൽ മലയാളി ഏറെക്കുറെ ഉപേക്ഷിച്ചു കഴിഞ്ഞ രാഷ്ട്രീയ ആദർശമായിരുന്നു വിഷയം. കപട ആദർശം കാത്തുസൂക്ഷിക്കുന്ന മലയാളിയുടെ പൊയ്മുഖം വലിച്ചു കീറിയാണ് ഉടക്ക് സൂചി ഇന്നലെ കാഴ്ചക്കാരിലേക്ക് എത്തിയത്.

ഉടക്ക് സൂചിക്കു മുന്നേ ശരദിന്ദു, കയ്യടിക്കാൻ മഞ്ജു വാര്യരും

ഉടക്ക് സൂചിക്കു മുന്നേ, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഒഎൻവി കുറുപ്പിന്റെ അഞ്ചാം ചരമ ദിനത്തോടനുബന്ധിച്ചു അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയ ഗാനങ്ങളിൽ ഒന്നായ ശരദിന്ദു മലർദീപ നാളം നീട്ടി എന്ന ഗാനത്തിന്റെ കവർ വേർഷൻ ഒരുക്കിയാണ് ജിബി ശ്രദ്ധ നേടിയത്. ഒഎൻവിയുടെ കൊച്ചുമകളും ഗായികയുമായ അപർണ്ണയും ഗായകൻ രാകേഷ് ബ്രഹ്മാനന്ദനും മനോഹരമായി പാടി അവതരിപ്പിച്ച ഗാനത്തിന്റെ ദൃശ്യങ്ങൾക്ക് മലയാളത്തിന്റെ സൂപ്പർ ലേഡി മഞ്ജുവാര്യർ കൈയടിക്കാനെത്തിയത് അപ്രതീക്ഷിതം ആയിരുന്നു.

തന്റെ ഒട്ടേറെ സിനിമകൾ മനോഹരമാക്കാൻ കാരണമായ ഒഎൻവിക്ക് ഗുരുപൂജ എന്ന നിലയിൽ കൂടിയാണ് മഞ്ജു ഈ ഗാനോപഹാരത്തിനു സ്‌നേഹാഞ്ജലികൾ നേരാനെത്തിയത്. കോവിഡ് നിയന്ത്രണമായിട്ടും ഒഎൻവിയുടെ വീട്ടിലെത്തി കവിയുമായി ബന്ധപ്പെട്ട ഓർമ്മകൾ കൂടി ഒപ്പിയെടുത്താണ് ജിബി ദൃശ്യങ്ങൾ കാണികൾക്കായി ഒരുക്കിയത്. അമ്മയിൽ നിന്നും തന്നെ ശാസ്ത്രീയമായി സംഗീതം പഠിച്ചതിന്റെ അനുഭവ സമ്പത്തും ജിബിക്കു ഈ ഗാനപൂജ മലയാളത്തിന് നൽകുന്നതിൽ പ്രധാന കാരണമായി മാറിയിട്ടുണ്ട്.

മുൻപ് പെന്മസാല എന്ന സിനിമയിൽ ചെറു വേഷത്തിൽ എത്തിയ ജിബി, ക്യാമറക്കു പിന്നിലാണ് തനിക്കു കൂടുതൽ സ്വാതന്ത്ര്യവും മികവും കാട്ടാനാകുകയെന്നു തെളിയിക്കുകയാണ് സംഗീത ആൽബത്തിലൂടെയും ഹാസ്യ പരമ്പരയിലൂടെയും. ന്യുകാസിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്‌പൈസ് റേഡിയോയിൽ ഏറെക്കാലം മലയാളം ചലച്ചിത്ര ഗാനങ്ങൾ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയും ജിബി ചെയ്തിരുന്നു. യുകെയിൽ ഐടി സ്ഥാപനം നടത്തിയിരുന്ന ജിബിക്കു സ്‌കോട്ടിഷ് സർക്കാരിന് നൽകിയ സേവന മികവ് പരിഗണിച്ചു ബ്രിട്ടീഷ് രാജ്ഞിയുടെ ഗാർഡൻ പാർട്ടിയിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

കോട്ടയം പുരുഷൻ, ജഗദീഷ് പുഴവാത്, ജിബി ഗോപാലൻ, മാത്യു തോമസ്സ്, ഹരിശ്രീ സന്തോഷ്, നിതാ കർമ്മ, ഷൈലജ ദേവി, സാന്ദ്ര എന്നിവരാണ് പ്രധാന അഭിനേതാക്കൾ. അശോകൻ കുമാരമംഗലത് മന നിർമ്മാണം നിർവ്വഹിക്കുന്ന ഉടക്ക് സൂചിയുടെ സ്‌ക്രിപ്റ്റ് ജഗദീഷ് പുഴവാതിന്റേതാണ്. കാമറയും എഡിറ്റിംഗും സോബി നിർവ്വഹിക്കുന്നു. സംഗീതം ഹരിരാഗ് നന്ദന്റേതും ഗാനാലാപനത്തിൽ ഹരിരാഗ് നന്ദനൊപ്പം ജിബിയും ചേർന്നിട്ടുണ്ട്. പശ്ചാത്തല സംഗീതം രാജീവ് ശിവ.