തിരുവനന്തപുരം: അർബുദ രോഗത്തോടുള്ള വർഷങ്ങൾ നീണ്ട പോരാട്ടത്തിലും അതിജീവനത്തിലും മാതൃകയായ സീരിയൽ താരം ശരണ്യ ശശി ഇനി ഓർമ. ശരണ്യയുടെ സംസ്‌കാരചടങ്ങുകൾ പൂർത്തിയായി. തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. ഭാരത് ഭവനിലെ പൊതുദർശനത്തിന് ശേഷമായിരുന്നു ശാന്തി കവാടത്തിലെ ചടങ്ങുകൾ.

നിരവധി തവണ അർബുദത്തെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃക തന്നെയായിരുന്നു. സിനിമ സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു. ഇതിനിടയിൽ, കോവിഡ് കൂടി വന്നതോടെ ആരോഗ്യസ്ഥിതി തീർത്തും വഷളായി. തിങ്കളാഴ്ച ഒമ്പതിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ചെമ്പഴന്തിയിലുള്ള സ്‌നേഹസീമയിൽ നിന്ന് പൊതുദർശനത്തിനായി മൃതദേഹം ഭാരത് ഭവനിൽ രാവിലെ മാറ്റി. തൈക്കാട് ശാന്തികവാടത്തിലേക്കുള്ള യാത്രക്കിടെ അൽപസമയം ഭാരത് ഭവനിൽ. ശരണ്യയെ സ്‌നേഹിച്ചവർ അവസാനം ഒരു നോക്കുകാണാൻ അവിടെയെത്തി. പന്ത്രണ്ടുമണിക്ക് ശാന്തികവാടത്തിലേക്ക്. ശരണ്യയുടെ സഹോദരൻ അന്ത്യകർമങ്ങൾ ചെയ്തു.

പിന്നെ വൈദ്യുതി ശ്മശാനത്തിലേക്ക്.. ഒടുവിൽ ശരണ്യയെ തീനാളങ്ങൾ ഏറ്റുവാങ്ങി. ശരണ്യയുടെ ദുരിതകാലത്തെല്ലാം കൈത്താങ്ങായി ഒപ്പം നിന്ന സീമ ജി.നായർ കരച്ചിലടക്കാനാവാതെ തളർന്നിരുന്നു. നടൻ നന്ദു അടക്കമുള്ളവർ സീമയെ ആശ്വസിപ്പിച്ച് മടക്കി അയച്ചു. അപ്പോഴേക്കും ശരണ്യയുടെ ശരീരം എരിഞ്ഞടങ്ങിയിരുന്നു.

രോഗാവസ്ഥ നിരന്തരം വേട്ടയാടുമ്പോൾ ചികിത്സ ലഭ്യമാക്കാൻ ശരണ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുൻപ് സമൂഹമാധ്യമങ്ങളിലൂടെ വാർത്തയായിരുന്നു. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ശശി ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. കൂട്ടുകാരി (സൂര്യ), അവകാശികൾ (സൂര്യ) ഹരിചന്ദനം (ഏഷ്യാനെറ്റ്), ഭാമിനി തോൽക്കാറില്ല (ഏഷ്യാനെറ്റ്), മാലാഖമാർ (മഴവിൽ മനോരമ), കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു.

സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴ് (ദൈവം തന്ത വീട്) തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. കണ്ണൂരിലെ ജവഹർലാൽ നവോദയ വിദ്യാലയത്തിലായിരുന്നു ശരണ്യയുടെ സ്‌കൂൾ പഠനം. കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ നിന്നും ലിറ്ററേച്ചറിൽ ബിരുദവും നേടിയിട്ടുണ്ട്.