തിരുവനന്തപുരം: കേരളത്തിൽ എൻസിപിയുടെ മുന്നണി മാറ്റത്തിൽ തീരുമാനം എടുക്കാനാവാതെ ശരത് പവാർ. കേരളത്തിൽ നേരിട്ടെത്തി എല്ലാ നേതാക്കളേയും കാണാനാണ് തീരുമാനം. തദ്ദേശത്തിലെ ഇടത് കണക്കുൾ നിരത്തി ഇടതു പക്ഷം മതിയെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറയുന്നു. എന്നാൽ പാലായിലെ അനീതി ചൂണ്ടിക്കാട്ടി കടുത്ത നിലപാടിന് മാണി സി കാപ്പനും സംസ്ഥാന അധ്യക്ഷൻ പീതാംബരനും ചരടു വലികൾ നടത്തുന്നു. സമ്മർദ്ദവുമായി കോൺഗ്രസ് ഹൈക്കമാണ്ടും രംഗത്തുണ്ട്. സിപിഎം തന്നെയാണ് നല്ലതെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. എന്നാൽ പാർട്ടിയിൽ അത് പിളർപ്പായി മാറും. ഈ സാഹചര്യത്തിലാണ് അന്തിമ തീരുമാനം എടുക്കാൻ ശരത് പവാർ കേരളത്തിലേക്ക് വരുന്നത്.

പാലായിലെ ജോസ് കെ മാണിയുടെ അവകാശ വാദം നൂറു ശതമാനവും ന്യായമാണെന്നാണ് സിപിഎം നിലപാട്. അതുകൊണ്ടാണ് പാലാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് തന്നെ നൽകുന്നത്. കോട്ടയത്ത് കേരളാ കോൺഗ്രസിനുള്ള സ്വാധീനം കൂടി തിരിച്ചറിഞ്ഞാണ് ഇത്. 5മാണിയുടെ മരണത്തിന് ശേഷം പാലായിലെ മാണിക്യമായി മാണി സി കാപ്പൻ മാറി. എന്നാൽ ജോസ് കെ മാണിയുടെ വരവോടെ സീറ്റ് ജോസിനാകുന്നു.

ഇതിൽ ഒട്ടും തൃപ്തനനല്ല മാണി സി കാപ്പൻ. എൻസിപിയെ പിളർത്തി യുഡിഎഫിലേക്ക് പോയി പാലായിൽ മത്സരിക്കാനാണ് നീക്കം. പിജെ ജോസഫ് സീറ്റ് പരസ്യമായി കാപ്പന് നൽകുകയും ചെയ്തു. തുടക്കത്തിൽ എൻസിപിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ പീതാംബരൻ മാസ്റ്ററും കാപ്പനെ പിന്തുണക്കുന്നു. എന്നാൽ ഗതാഗത മന്ത്രി കൂടിയായ എകെ ശശീന്ദ്രൻ കരുതലോടെ കാത്തിരുന്നു. തദ്ദേശത്തിലെ ഫലം ഇടതിന് അനുകൂലമായ സാഹചര്യത്തിൽ ശശീന്ദ്രൻ നടത്തിയ മുംബൈ ഓപ്പറേഷൻ വിജയിച്ചെന്നാണ് സൂചന. ഇതിനിടെയാണ് ശരത് പവാർ കേരളത്തിലെത്തുന്നത്.

ദേശീയ തലത്തിൽ കോൺഗ്രസ് ദുർബലമാണ്. കേരളത്തിലും തദ്ദേശത്തിൽ സംഭവിച്ചത് അതു തന്നെയാണ്. സ്വർണ്ണ കടത്ത് ഉൾപ്പെടെയുള്ള വിഷയമുണ്ടായിട്ടും സിപിഎം നേതൃത്വം നൽകുന്ന മുന്നണി ജയിച്ചു. അതുകൊണ്ട് കേരളത്തിൽ സിപിഎമ്മിനെ വിട്ടു കളിക്കില്ലെന്നാണ് എൻസിപിയിലെ വലിയൊരു വിഭാഗം പറയുന്നത്. പാലാ പോയാൽ പകരം സീറ്റ് ചോദിച്ചു വാങ്ങും.

ജയസാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യം മാത്രമേ മുമ്പോട്ട് വയ്ക്കൂ. കുട്ടനാടും ആർക്കും വിട്ടുകൊടുക്കില്ല. അങ്ങനെ സീറ്റ് നഷ്ടം ഉണ്ടാകാതെ ഇടതു പക്ഷത്ത് തുടരാനാണ് പവാറിനും താൽപ്പര്യം. ഇത് വെട്ടിലാക്കുന്നത് മാണി സി കാപ്പനെയാണ്. അതിനിടെ എൻസിപിയിലെ ഭൂരിപക്ഷവും മാണി കാപ്പനും പീതാംബരനുമൊപ്പമാണെന്ന വാദവും എത്തുന്നത്. ഇത് മനസ്സിലാക്കാനാണ് ശരത് പവാർ കേരളത്തിലേക്ക് വരുന്നത്.

നിലവിൽ 4 നിയമസഭാ സീറ്റുള്ള എൻസിപിക്ക് യുഡിഎഫ് 6 സീറ്റു നൽകുമെന്നാണ് സൂചന. യുഡിഎഫ് പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ പാലാ അവർക്കു നൽകുമെന്ന വാഗ്ദാനം നൽകി പി.ജെ.ജോസഫ് കാപ്പനെയും എൻസിപിയെയും സ്വാഗതം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ ജോസ് പക്ഷത്തെ തോൽപിക്കാൻ കാപ്പനെ യുഡിഎഫിൽ എത്തിച്ചേതീരൂ എന്നു ജോസഫ് വാദിക്കുന്നു.

സിറ്റിങ് സീറ്റ് നിഷേധിക്കുന്ന മുന്നണിയിൽ തുടരാൻ കഴിയില്ലെന്ന് മാണി സി.കാപ്പൻ ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ തദ്ദേശത്തിലെ ഇടതു നേട്ടം പവാറിനെ സ്വാധീനിച്ചു. ഇതോടെ മാണി സി കാപ്പനൊപ്പം നിൽക്കാൻ പവാർ മടിക്കുകയാണ്. ഇതിനിടെയാണ് ശശീന്ദ്രൻ എൻസിപി ദേശീയ നേതൃത്വത്തെ കാര്യങ്ങൾ അറിയിച്ചത്.

രണ്ടാഴ്ചയ്ക്കുള്ളിൽ പവാർ കേരളത്തിലെത്തും. പ്രഫുൽ പട്ടേലും പവാറിനൊപ്പം കേരളത്തിലെത്തും. എൻ സി പി സംസ്ഥാന ഘടകത്തിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് സന്ദർശനം. പാർട്ടിക്കുള്ളിലെ തർക്കത്തിൽ ശരദ് പവാർ ആർക്കൊപ്പമെന്നത് നിർണായകമാണ്.

കേരളത്തിലെത്തി ചർച്ച നടത്തുന്ന പവാർ തിരികെ മുംബയിലെത്തിയ ശേഷമായിരിക്കും മുന്നണി മാറ്റത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുക.എ കെ ശശീന്ദ്രന് പിന്നാലെ ശരദ് പവാറിനെ കാണാനായി മാണി സി കാപ്പനും പീതാംബരൻ മാസ്റ്ററും സംസ്ഥാന നേതാക്കളെ ഒപ്പം കൂട്ടി ഇന്നലെ മുംബയിൽ എത്തിയിരുന്നു. ഈ മാസത്തെ നിയമസഭാ സമ്മേളനത്തിന് ശേഷം ഇടതുമുന്നണി വിടാനാണ് എൻ സി പിയിലെ മാണി സി കാപ്പൻ വിഭാഗത്തിന്റെ നീക്കം.

എന്നാൽ മുന്നണി വിടുന്നതിനെ ശശീന്ദ്രൻ പക്ഷം ശക്തമായി എതിർക്കുകയാണ്.പാലയുടെ പേരിൽ മുന്നണി വിട്ടാൽ മറ്റ് സീറ്റുകളുടെ കാര്യത്തിൽ സ്ഥിതി മോശമാവുമെന്നാണ് എ കെ ശശീന്ദ്രന്റെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൂടി കാണിച്ച് എൽ ഡി എഫ് ആണ് കൂടുതൽ സുരക്ഷിത ഇടമെന്നാണ് ശശീന്ദ്രൻ ശരദ് പവാറിനെ അറിയിച്ചത്.