പിറവം: ഇതൊരു മാതൃകയാണ്. കേരളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത മാതൃക. ലോട്ടറി മൊത്തവിൽപ്പന ഏജൻസി ഉടമകളായ ശശിബാലനും ഭാര്യ സൈനയ്ക്കും കൈയടിക്കാം. സ്മിജയ്ക്ക് 51 ലക്ഷം രൂപ കൈമാറിയതിന്. ഈ 51 ലക്ഷം രൂപയും നിയമ പ്രകാരം പിറവത്തെ ഫോർച്യൂൺ ലോട്ടറീസ് ഉടമകൾക്ക് സ്വന്തമാണ്. പക്ഷേ അത് എത്തേണ്ടത് സ്മിജയ്ക്കുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് ശശി ബാലനും സൈനയും തീരുമാനം എടുത്തത്. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ധാർമികമായ തീരുമാനം.

ആറുകോടി രൂപയുടെ സമ്മാനമടിച്ച ബംബർ ടിക്കറ്റ് ഫോണിലുടെ പറഞ്ഞുറപ്പിച്ചയാൾക്ക് വിട്ടിലെത്തി നൽകി സത്യസന്ധത കാട്ടിയ ലോട്ടറി വിൽപ്പനക്കാരിയാണ് സ്മിജ. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും സത്യസന്ധയ ഉയർത്തിക്കാട്ടിയ മലയാളി. ഈ ബംബറിൽ ഒന്നാം സമ്മാനത്തിന് കിട്ടുന്ന 51 ലക്ഷം രൂപയുടെ കമ്മിഷനാണ് സ്മിജയ്ക്ക് കിട്ടുന്നത്. ക്രൂരതകളും തട്ടിപ്പുകളും കേട്ടു വളരുന്ന പുതു തലമുറയ്ക്ക് ആവേശവും പ്രതീക്ഷയുമാണ് പിറവത്തെ ഫോർച്യൂൺ ലോട്ടറീസ് ഉടമ ശശിബാലനും ഭാര്യ സൈനയും ചെയ്ത നല്ല പ്രവർത്തി. ജീവിത പ്രാരാബ്ദങ്ങളിലൂടെ നീങ്ങിയ സ്മിജയ്ക്ക് വലിയൊരു ആശ്വാസമാണ് ഈ കരുണയുടെ ഇടപെടൽ

ഇവരാണ് കമ്മിഷൻ തുകയ്ക്കുള്ള ചെക്ക് സ്മിജയ്ക്ക് കൈമാറിയത്. സൈനയുടെ ഉടമസ്ഥതയിലുള്ള പട്ടിമറ്റത്തെ ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്നാണ് ആറ്ുകോടിയുടെ സമ്മർ ബംബർ ടിക്കറ്റുകൾ സ്മിജ വാങ്ങി വിറ്റത്. വിറ്റുതീരാതിരുന്ന ഒരു ടിക്കറ്റ്, പതിവായി ടിക്കറ്റെടുത്തിരുന്ന പരിചയക്കാരനും പൂന്തോട്ടം പണിക്കാരനുമായ ചക്കുംകുളങ്ങര പാലച്ചുവട്ടിൽ ചന്ദ്രനോട് വാങ്ങിക്കാൻ ഫോണിലൂടെയാണ് സ്മിജ ആവശ്യപ്പെട്ടത്.

വാക്ക് ഉറപ്പിച്ച് ടിക്കറ്റ് സ്മിജതന്നെ കൈവശം വച്ചു. ഈ ടിക്കറ്റിന് ആറുകോടി രൂപ അടിച്ചതറിഞ്ഞ നിമിഷം സ്മിജ ഭർത്താവുമൊത്ത് ചെന്ന് ചന്ദ്രന് ടിക്കറ്റ് കൈമാറുകയായിരുന്നു. ഈ ലോട്ടറിക്ക് കമ്മിഷനായി ലഭിച്ച 60 ലക്ഷം രൂപയിൽ നിന്ന് നികുതി കഴിച്ച് 51 ലക്ഷമാണ് ശശി ബാലനും ഭാര്യയും സ്മിജയ്ക്ക് നൽകിയത്. അങ്ങനെ സ്മിജയുടെ നല്ല പ്രവർത്തിക്ക് അംഗീകാരം നൽകുകയാണ് അവർ. ഈ കമ്മീഷൻ തുക നിയമപരമായി ഫോർച്യൂൺ ഉടമയ്ക്ക് അർഹതപ്പെട്ടതാണ്.

സമ്മർ ബംബർ ഭാഗ്യക്കുറിയിലെ ആറുകോടി രൂപയാണ് കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടിൽ ചന്ദ്രനു ലഭിച്ചത്. നറുക്കെടുപ്പിൽ എസ്.ഡി. 316142 എന്ന നമ്പറിലൂടെയാണ് ചന്ദ്രനെ ഭാഗ്യം കടാക്ഷിച്ചത്. പട്ടിമറ്റം വലമ്പൂരിൽ താമസിക്കുന്ന സ്മിജ കെ. മോഹന്റെ പക്കലാണ് ടിക്കറ്റ് കടമായി പറഞ്ഞുവെച്ചത്. സ്മിജ കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുൻപിലും രാജഗിരി ആശുപത്രിക്കു മുൻപിലും വിൽക്കുന്നത്.

അന്ന് വാങ്ങിയതിൽ 12 ബംബർ ടിക്കറ്റുകൾ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് ടിക്കറ്റെടുക്കാൻ അഭ്യർത്ഥിച്ചു. 6142 എന്ന നമ്പർ മാറ്റി വെയ്ക്കാൻ പറഞ്ഞ ചന്ദ്രൻ പണം ഇനി കാണുമ്പോൾ തരാമെന്നും പറഞ്ഞു. പിന്നീട് താൻ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് ഏജൻസിയിൽനിന്ന് അറിയിപ്പ് ലഭിച്ചു.

ടിക്കറ്റ് നമ്പർ പറഞ്ഞതോടെ പൈസ പിന്ന തരാമെന്നു പറഞ്ഞ് മാറ്റിവെച്ച ടിക്കറ്റിനാണ് സമ്മാനമെന്ന് സ്മിജ തിരിച്ചറിഞ്ഞു. തന്റെ കൈവശമിരുന്ന ടിക്കറ്റ് രാത്രി തന്നെ ചന്ദ്രന്റെ വീട്ടിലെത്തി നൽകി തുകയായ 200 രൂപ കൈപ്പറ്റി. സ്മിജയുടെ സത്യസന്ധതയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിക്കാൻ കാരണമെന്ന് ചന്ദ്രൻ പറഞ്ഞിരുന്നു. കീഴ്മാട് ഡോൺ ബോസ്‌കോയിൽ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുകയാണ് ചന്ദ്രൻ.

ഭർത്താവ് രാജേശ്വരനുമൊത്ത് പട്ടിമറ്റത്താണ് സ്മിജയുടെ താമസം. ഇരുവരുമൊന്നിച്ചാണ് ലോട്ടറി കച്ചവടം. 2011 - 12 കാലഘട്ടത്തിൽ ആരംഭിച്ചതാണ് ലോട്ടറി കച്ചവടം. 'പിന്നെ കൈയിൽ ടിക്കറ്റ് ഇരുന്നാൽ ഞാൻ ആർക്കെങ്കിലും കൊടുക്കും. ഞങ്ങളുടെ ഈ ലോട്ടറി കച്ചവടത്തിന്റെ പ്രത്യേകതയും അത് തന്നെയാണ്. കച്ചവടക്കാർ ഒരു ടിക്കറ്റ് എങ്കിലും എടുത്ത് വച്ചാൽ അയാള് നശിച്ചു എന്നതാണ്. ഇത് നേരുള്ള കച്ചവടമാണ്. കാരണം ഇത് നല്ല നമ്പറാണ്, ഇത് നല്ല നമ്പറാണ് എന്ന് കരുതി എടുത്ത് വയ്ക്കുമ്പോൾ നമ്മുടെ ലാഭം പോകും പിന്നെ ആ ടിക്കറ്റ് എടുത്ത് വയ്ക്കുന്നതിനുള്ള രൂപയും പോകും. അപ്പോൾ അതിലും നല്ലത് വിൽക്കുന്നതാണ്'-സ്മിജ പറയുന്നു.

'ഞങ്ങളെ സംബന്ധിച്ച് നോക്കുമ്പോൾ വീട്ടു ചെലവ് നടത്താൻ വേണ്ടിയിട്ടാണ് ഞങ്ങൾ ഈ കച്ചവടം തുടങ്ങിയത്. ഞങ്ങൾ ഇതുവരെയും എടുത്ത് വച്ചിട്ടില്ല. സമ്മാനം അടിച്ച ടിക്കറ്റും എടുത്ത് വയ്ക്കുവാൻ തോന്നിയിരുന്നില്ല. കമ്മീഷന്റെ കാര്യമോ, അല്ലെങ്കിൽ ആറ് കോടിയാണെന്ന കാര്യമോ ഞങ്ങൾ ആ സമയത്ത് ഓർത്തില്ല. ചേട്ടൻ ഫസ്റ്റ് പ്രൈസ് ആണെന്ന് പറഞ്ഞപ്പോൾ അത് ആർക്കാണ് എന്നൊന്നും ചിന്തിച്ചില്ല. അത് കഴിഞ്ഞ് എല്ലാവരും പറഞ്ഞു കഴിഞ്ഞപ്പോഴാണ് ആറ് കോടി ആയിരുന്നോ എന്ന് ചിന്തിക്കുന്നത്' സ്മിജ തന്റെ കൈവശമിരുന്ന ടിക്കറ്റിനെ ഭാഗ്യം തേടിയെത്തിയ നിമിഷങ്ങൾ ഓർത്തെടുത്തത് ഇങ്ങനെയാണ്.

എനിക്ക് ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ട്. സ്ഥിരമായി എന്റെ പക്കൽ നിന്നും ലോട്ടറിവാങ്ങുന്ന ആളുകളെല്ലാം അതിലുണ്ട്. അതിൽ വൈകുന്നേരം ഏഴ് മണിക്കുള്ളിൽ ഞാൻ കൈയിലുള്ള ലോട്ടറിയുടെ ചിത്രങ്ങളിടും ആർക്ക് വേണമെങ്കിലും ബുക്ക് ചെയ്യാം' ലോട്ടറി വിൽപന തുടരുന്ന രീതി സ്മിജ പറയുന്നു. രണ്ടായിരത്തി പതിനൊന്നിലാണ് ആദ്യം ലോട്ടറി വിൽപന തുടങ്ങിയത്. അതും സൈഡ് ബിസിനസ്സായി. ലോക്ഡൗൺകാലത്ത് ഭർത്താവ് രാജേശ്വരന്റെ ജോലി നഷ്ടപ്പെട്ടതോടെ കുടുംബപ്രാരാബ്ദങ്ങൾ സ്മിജിയെയും ഭർത്താവിനെയും മുഴുവൻ സമയ ലോട്ടറി വിൽപനക്കാരാക്കി. ഹാർഡ് വെയർ എഞ്ചിനീയറിങ് ബിരുദധാരിയാണ് സ്മിജ. 'കൊറോണക്കാലത്ത് എന്നെപ്പോലെ മറ്റ് തൊഴിലുകളിലേക്ക് മാറിയവർ ഏറെയുണ്ട്. ഞാൻ മാത്രമല്ല. ആദ്യ സമയത്ത് ഞങ്ങൾ മീൻ കച്ചവടം വരെ നടത്തിയിട്ടുണ്ട്.' ജീവിക്കാൻ വൈറ്റ്കോളർ ജോലി തന്നെ വേണമെന്നില്ല സ്മിജ പറയുന്നു.