കണ്ണൂർ: കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ പേരിൽ ഫേസ്‌ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണം ആവശ്യപ്പെട്ട സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചു.സിറ്റിപൊലിസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നിർദ്ദേശപ്രകാരമാണ് സൈബർ പൊലിസ് അന്വേഷണമാരംഭിച്ചത്.

കഴിഞ്ഞ ദിവസമാണ് സതീശൻ പാച്ചേനിയുടെ യഥാർത്ഥ അക്കൗണ്ടിന് സമാനമായ പേരിലാണ് വ്യാജ അക്കൗണ്ടും നിർമ്മിച്ചിരിക്കുന്നത്. അക്കൗണ്ടിൽ നിന്ന് സുഹൃത്തുകളിലേക്ക് മെസേജ് അയക്കുകയും പണം ആവശ്യപ്പെടുന്ന രീതിയിലാണ് തട്ടിപ്പ് നടക്കുന്നത്. ഹിന്ദിയിലാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശം അയക്കുന്നത്. നിരവധി പേർക്ക് ഇത്തരത്തിൽ സന്ദേശം ലഭിച്ചിട്ടുണ്ട്.

ഇവർ വിവരമറിയിച്ചതിനെ തുടർന്നാണ് പാച്ചേനിയുടെ ശ്രദ്ധയിൽ സംഭവം വരുന്നത്. ഇതിനെ തുടർന്നാണ് അദ്ദേഹം പൊലസിൽ പരാതി നൽകിയത്. ഇതുകൂടാതെ തന്റെ വ്യാജ അക്കൗണ്ടിന്റെ സ്‌ക്രീൻ ഷോട്ടുംസതീശൻ പാച്ചേനി തന്റെ ഫെയ്സ് ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. രണ്ടാഴ്‌ച്ച മുൻപ്
കണ്ണൂർ കോർപറേഷൻ മേയർ ടി. ഒ മോഹനന്റെ പേരിലും തട്ടിപ്പിന് ശ്രമിച്ചിരുന്നു.

ഇതിനെ തുടർന്ന് മേയർ നൽകിയ പരാതിയിലും പൊലിസ് അന്വേഷണം നടത്തിവരികയാണ്. നേരത്തെ എംഎൽഎമാരായ ടി. ഐ മധുസൂദനനൻ, കെ.പി മോഹനൻ, അഡ്വ. സണ്ണി ജോസഫ് എന്നിവരുടെ പേരിലും സോഷ്യൽ മീഡിയ തട്ടിപ്പിന് ശ്രമം നടന്നിരുന്നു. കണ്ണൂർ റൂറൽ പൊലിസ് കമ്മിഷണർ, ആർ.ടി. ഒ എന്നിവരുടെ പേരിലും ഇതിന് സമാനമായി തട്ടിപ്പ് അരങ്ങേറിയിരുന്നു.

അതേ സമയം വടക്കെ മലബാർ കേന്ദ്രീകരിച്ചു സൈബർ തട്ടിപ്പ് പെരുകുമ്പോഴും പ്രതികളെ പിടികൂടാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് പൊലിസ്.