ടോക്യോ: ബോക്സിങ് താരം സതിഷ് കുമാർ ക്വാർട്ടർ ഫൈനലിൽ പുറത്ത്. സൂപ്പർ ഹെവിവെയ്റ്റിൽ ഉസ്ബെകിസ്താന്റെ ബഖോദിർ ജലോലോവ് ആണ് സതീഷ് കുമാറിനെ വീഴ്‌ത്തിയത്.

5-0 സ്‌കോറിനാണ് ഇന്ത്യൻ താരത്തിന്റെ തോൽവി. ലോക ഒന്നാം നമ്പർ താരമായ ബഖോദിറിനാണ് നേരത്തെ തന്നെ സാധ്യത കൽപ്പിച്ചിരുന്നത്. പ്രിക്വാർട്ടർ ഫൈനലിന് ശേഷം ഏഴ് സ്റ്റിച്ചുകൾ വേണ്ടി വന്നതിനെ തുടർന്ന് സതീഷ് കുമാർ ക്വാർട്ടർ ഫൈനൽ കളിക്കുമോ എന്ന ആശങ്ക ഉടലെടുത്തിരുന്നു.

ജമൈക്കയുടെ റിക്കാർഡോ ബ്രൗണിന് എതിരായ പ്രീക്വാർട്ടർ മത്സരത്തിനിടയിലാണ് സതീഷ് കുമാറിന് പരിക്കേറ്റത്. എന്നാൽ ക്വാർട്ടർ ഫൈനലിന് തൊട്ടുമുൻപ് സതീഷിന് മെഡിക്കൽ ക്ലിയറൻസ് ലഭിച്ചു. ഒളിംപിക്സിൽ സൂപ്പർ ഹെവിവെയ്റ്റിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ബോക്സിങ് താരമാണ് സതീഷ് കുമാർ.

2019 ഏപ്രിലിൽ ജോർദാനിൽ നടന്ന ഏഷ്യ ഓഷ്യാനിയ സെമി ഫൈനലിൽ കടന്നതോടെയാണ് ടോക്യോയിലേക്ക് സതീഷ് കുമാർ യോഗ്യത നേടിയത്. 2018ൽ നടന്ന ഇന്ത്യൻ ഓപ്പണിൽ വെള്ളിയും 2017ൽ നടന്ന ഗ്രാൻഡ് പ്രിക്സ് ഉസ്തിനാഡ് ലബേമിൽ സ്വർണവും സതീഷ് കുമാർ നേടിയിട്ടുണ്ട്.