മലയാള സിനിമയിൽ ഹാസ്യത്തിന്റെ കോഴിക്കോടൻ ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടൻ മാമുക്കോയയുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി അനുശോചിച്ചു.

'അന്യരുടെ ഭൂമി' (1979) എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ അരങ്ങേറിയ മാമുക്കോയ, മലയാളസിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി വളരുകയായിരുന്നു. വളരെ സ്വഭാവികമായ അഭിനയ ശൈലിയിലൂടെ സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത അദ്ദേഹം, ഹാസ്യം മാത്രമല്ല, ഗൗരവപൂർണ്ണമായ വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട്. പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചതും, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ൽ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹത്തിന്റെ അഭിനയസിദ്ധിയുടെ തെളിവാണ്.

നാടകരംഗത്തു നിന്നും സിനിമയിലെത്തി ആസ്വാദന മനസ്സുകളിൽ സ്ഥാനം പിടിച്ച അദ്ദേഹത്തിന്റെ വിടവാങ്ങൽ സാംസ്കാരിക കേരളത്തിന് വലിയൊരു നഷ്ടമാണ്. വ്യക്തിജീവിതത്തിലും എന്നും വർഗ്ഗീയതയ്ക്ക് എതിരായും, മതേതരത്വത്തിന് അനുകൂലമായും എന്നും പ്രതികരിച്ചിരുന്ന ജനാധിപത്യവിശ്വാസി ആയിരുന്നു അദ്ദേഹം. എപ്പോഴും അടുത്തിരുന്നു കളിയും കാര്യവും പറയാൻ മാത്രമുള്ള അടുപ്പം ഓരോ മലയാളിക്കും തോന്നിയിരുന്ന ഒരു കാരണവരുടെ വിടവാങ്ങലാണിത്. എന്നും മലയാളികൾ ഓർക്കുന്ന എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഓർമ്മകളിൽ നിറഞ്ഞു നിൽക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു