ദമ്മാം: കുസാറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നടന്ന പരിപാടിക്ക് ഇടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞവർക്ക് നവയുഗം സാംസ്കാരികവേദി ആദരാഞ്ജലികൾ അർപ്പിച്ചു. മരണമടഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനകുറിപ്പിൽ അറിയിച്ചു.

ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ഒരു പരിപാടിക്ക് ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സംഘാടകർക്ക് സംഭവിച്ച വീഴ്ചയാണ് ഇത്തരം ഒരു അപകടത്തിന് കാരണമായത്. ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമാണ് ഇത്.
സുരക്ഷ (സേഫ്റ്റി) എന്നത് ഏറ്റവും പ്രധാനമായ കാര്യമാണ്.ഏതു ജോലി ചെയ്യുമ്പോഴും, ഏതു പരിപാടി ആസൂത്രണം ചെയ്തു നടപ്പാക്കുമ്പോഴും സുരക്ഷ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.

സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും, മറ്റു വികസിത വിദേശ രാജ്യങ്ങളിലും സേഫ്റ്റിക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്‌ക്കാരം നിലവിലുണ്ട്. എന്നാൽ നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് അത്തരം ഒരു അവബോധം ഇനിയും ഉണ്ടായിട്ടില്ല.
സേഫ്റ്റിയുടെ പ്രാധാന്യം വിദ്യാഭ്യാസ കരിക്കുലത്തിന്റെ ഭാഗമായി കുട്ടിക്കാലം മുതലേ പഠിപ്പിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

ഹാളുകളിലും പുറത്തും നടക്കുന്ന, ആളുകൾ കൂടുന്ന എല്ലാ പൊതുപരിപാടികൾക്കും ബാധകമാകുന്ന സുരക്ഷ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയും, അവ കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ മാത്രമേ ഇനിയും ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കഴിയൂ. അതിനു വേണ്ട നടപടികൾ കേരളസർക്കാർ പ്രഖ്യാപിക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.