മുംബൈ: സ്വാതന്ത്ര്യ സമരകാലത്ത് വീര സവർക്കർ ബ്രിട്ടിഷുകാരോട് മാപ്പു ചോദിച്ചിട്ടില്ലെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത്. മഹാത്മാ ഗാന്ധിയുടെ നിർദേശപ്രകാരമാണ് സവർക്കർ മാപ്പപേക്ഷ നൽകിയതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ്, റാവത്തിന്റെ പ്രതികരണം.

സ്വാതന്ത്ര്യ സമരകാലത്ത് ദീർഘകാലം ജയിലിൽ കിടന്നവർ പുറത്തുവരാൻ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ജയിലിൽ തന്നെ തുടരുകയല്ല, എങ്ങനെയെങ്കിലും പുറത്തുവരികയാണ് ആ തന്ത്രങ്ങളുടെയൊക്കെ അടിസ്ഥാനം. രാഷ്ട്രീയത്തടവുകാർ ഇത്തരം തന്ത്രങ്ങൾ സ്വീകരിക്കുന്നതു പതിവാണെന്ന് ശിവസേനാ നേതാവ് അവകാശപ്പെട്ടു.

സവർക്കർ അങ്ങനെയൊരു തന്ത്രം പ്രയോഗിച്ചിട്ടുണ്ടാവാം. അതിനെ മാപ്പപേക്ഷ എന്നൊന്നും പറയാനാവില്ല. സവർക്കാർ ബ്രിട്ടിഷുകാരോട് മാപ്പപേക്ഷിച്ചിട്ടേയില്ല- റാവത്ത് പറഞ്ഞു. മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണ് സവർക്കർ മാപ്പപേക്ഷ നൽകിയതെന്ന രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. സവർക്കർക്ക് ഭാരതരത്നം നൽകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുള്ള നേതാവ് സഞ്ജയ് റാവത്ത്. തന്റെ പാർട്ടിയുടെ ആദർശ പുരുഷനാണ് സവർക്കർ എന്നും റാവത്ത് പറഞ്ഞിട്ടുണ്ട്.