തിരുവനന്തപുരം: മലയാളത്തിന് ഏറെ പ്രിയപ്പെട്ട താരങ്ങൾ ചേർന്ന് അവതരിപ്പിച്ച ഒരു കിടിലൻ നൃത്ത വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടിമാരായ ഭാവന, രമ്യ നമ്പീശൻ, ശില്പ ബാല, മൃദുല മുരളി ഗായിക സയനോര എന്നിവർ ചേർന്ന് മനോഹരമായ നൃത്തച്ചുവടുകൾ വയ്ക്കുന്നതായിരുന്നു വീഡിയോ.

വീഡിയോയിലെ സയനോരയുടെയും മറ്റും വസ്ത്രധാരണത്തെ ആക്ഷേപിച്ചുകൊണ്ടും ബോഡിഷെയ്മിങ് നടത്തിയും വിമർശനങ്ങളും വന്നിരുന്നു.ഇപ്പോഴിതാ സയനോരയ്ക്കും സുഹൃത്തുക്കൾക്കും ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാറും സുഹൃത്തുക്കളും. സയനോരയും സംഘവും നൃത്തം ചെയ്ത അതേ ഗാനത്തിന് ചുവടുകൾ വച്ചാണ് സിതാരയും സംഘവും പിന്തുണ അറിയിച്ചിരിക്കുന്നത്.

എന്നാൽ സയനോര തന്നെ വിമർശനങ്ങൾക്ക് രസകരമായ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. 'എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി' എന്ന ഹാഷ്ടാഗോടെ നൃത്തം ചെയ്യുമ്പോൾ ധരിച്ചിരുന്ന അതേ വേഷത്തിൽ അലസമായി ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സയനോരയുടെ മറുപടി.