മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ സേവനങ്ങളിൽ നാളെ (23 മെയ്, 2021) തടസ്സം നേരിടുമെന്ന് അറിയിപ്പ്. എൻഇഎഫ്ടി സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തടസം നേരിടുക. യോനോ, യോനോ ലൈറ്റ്, ഇന്റർനെറ്റ് ബാങ്കിങ്, എൻഇഎഫ്ടി സർവീസുകൾ എന്നിവയെല്ലാം മെയ് 23 (ഞായറാഴ്ച) അർധരാത്രി 12 മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിൽ തടസപ്പെടുമെന്നാണ് അറിയിപ്പ്.

റിസർവ് ബാങ്ക് നിർദ്ദേശപ്രകാരമാണ് എൻഇഎഫ്ടി സംവിധാനത്തിൽ മാറ്റം വരുത്തുന്നത്. മെയ് 22 ന് ബിസിനസ് മണിക്കൂറുകൾ കഴിഞ്ഞ ശേഷം അപ്‌ഗ്രേഡ് നടത്തണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ മറ്റ് സേവനങ്ങൾ തടസപ്പെടുമെങ്കിലും ആർടിജിഎസ് സംവിധാനത്തെ ഇത് ബാധിക്കില്ല. ആർടിജിഎസ് സംവിധാനം ഏപ്രിൽ 18 ന് പരിഷ്‌കരിച്ചിരുന്നു.

എസ്‌ബിഐയുടെ ഐഎൻബി, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങൾ മെയ് 21 ന് രാത്രി 10.45 മുതൽ മെയ് 22 ന് പുലർച്ചെ 1.15 വരെ തടസ്സപ്പെട്ടിരുന്നു. ഇത് നാളെ പുലർച്ചെ 2.40 മുതൽ രാവിലെ 6.10 വരെ തടസപ്പെടും.