ന്യൂഡൽഹി: ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ഷില്ലോങ് ടൈംസ് എഡിറ്റർ പാട്രിഷ്യ മുഖിമിന് എതിരെ രജീസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കി സുപ്രീം കോടതി. ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. മേഘാലയിലെ ട്രൈബൽ ഇതര വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ നടപടി ആവശ്യപ്പെട്ടായിരുന്നു പാട്രീഷ്യയുടെ കുറിപ്പ്. ഇത് സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയാണ് പൊലീസ് കേസെടുത്തത്.

എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് പാട്രീഷ്യ മേഘാലയ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. ഇതു ചോദ്യം ചെയ്താണ് സുപ്രീം കോടതിയെ സമീപിച്ചത്. പാട്രീഷ്യയുടെ കുറിപ്പിൽ സമുദായ സംഘർഷത്തിനു വഴിവയ്ക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്ന അവർക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷക വൃന്ദാ ഗ്രോവർ പറഞ്ഞു.