കോട്ടയം : കേരളാ കോൺഗ്രസിന്റെ പ്രധാന നേതാവായിരുന്നു സ്‌കറിയാ തോമസ്. പെട്ടൊന്നൊരു ദിവസം കോവിഡ് ബാധിച്ചു മരിച്ചു. ഈ മരണത്തിൽ ദുരൂഹത കാണുകയാണ് സ്‌കറിയാ തോമസിനൊപ്പമുള്ള ഒരു വിഭാഗം. പാർട്ടി ബാർ മുതലാളിയായ ഇലഗന്റ് ബിനോയിയുടെ കൈയിലേക്ക് എത്തുന്നത് തീർത്തും അപ്രതീക്ഷിതമായാണ്. കോൺഗ്രസ് നേതാവായ കെ ബാബുവിന്റെ വിശ്വസ്തനായി ബാർ കോഴക്കാലത്ത് മലയാളി ചർച്ച ചെയ്ത പേരാണ് എലഗന്റ് ബിനോയി. പിന്നീട് ബാബുവിനെ തള്ളിപ്പറയുകയും ചെയ്തു. ഈ എലഗന്റ് ബിനോയിയാണ് സ്‌കറിയാ തോമസിന്റെ മരണ ശേഷം ആ പാർട്ടിയുടെ അമരക്കാരനായി സ്വയം പ്രഖ്യാപിച്ചത്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് ആർക്കും അറിയില്ല.

ഇതിനിടെയാണ് സ്‌കറിയാ തോമസിന്റെ മരണത്തിൽ ചിലർ ദുരൂഹത കാണുന്നത്. ഇടതു പക്ഷത്തിന്റെ നോമിനിയായി കേരളാ കോൺഗ്രസിനും പിസിസി അംഗത്വത്തിന് അവകാശമുണ്ടായിരുന്നു. പലരും ഈ പദവി മോഹിച്ചു. ഒടുവിൽ ആരും അറിയാതെ മറ്റൊരാൾ അത് സ്വന്തമാക്കി. ഇത് ബിനോയിക്ക് വേണ്ടപ്പെട്ട ആളുടെ ഭാര്യയായിരുന്നു. ഇത് പാർട്ടിയിലെ പലരും ചോദ്യം ചെയ്തു. സ്‌കറിയാ തോമസിനോട് ഇതേ കുറിച്ച് തിരക്കുകയും ചെയ്തു. ഇതിനിടെയാണ് കോവിഡ് ബാധിച്ച് സ്‌കറിയാ തോമസ് മരിക്കുന്നത്. ഈ മരണം അസ്വാഭാവികമാണെന്ന സംശയവും പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നു.

ഒരു ദിവസം പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസിൽ എത്തിയ എലഗന്റ് ബിനോയ് പെട്ടെന്ന് എങ്ങനെ പാർട്ടിയിൽ അംഗമായി എന്ന് പോലും അറിയില്ല. സ്‌കറിയാ തോമസിന് ഓഫീസ് ഉൾപ്പെടെ എടുത്തു നൽകി വിശ്വസ്തനായി. സ്‌കറിയാ തോമസിന്റെ ഔസ്യത്തിൽ പാർട്ടിയുടെ അടുത്ത ചെയർമാനായി ബിനോയി എത്തണമെന്ന നിർദ്ദേശം ഉണ്ടെന്നും പറയുന്നു. ഈ ഒസ്യത്തിലും പാർട്ടിയിൽ സംശയങ്ങളുണ്ട്. ഒസ്യത്താണോ പാർട്ടി ചെയർമാനെ നിശ്ചയിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം.

ഇതിനിടെ കേരളാ കോൺഗ്രസ് (സ്‌കറിയാ തോമസ് വിഭാഗം) ചെയർമാൻ തർക്കം കോടതിയുടെ പരിഗണനയിലുമെത്തി. ഇതിനിടെ എലഗൻസ് ബാർ ഉടമ ബിനോയ് ജോസഫാണ് സ്വയം പ്രഖ്യാപിത ചെയർമാനായി ബോർഡുകൾ സ്ഥാപിച്ചു. ഓക്സിജൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കേരളാ കോൺഗ്രസ് ചെയർമാൻ എന്ന പേരിൽ രണ്ടര ലക്ഷം രൂപ സംഭാവനയും നൽകി. ഇതോടെ പാർട്ടിയിൽ കലാപം മൂർച്ഛിച്ചു.

ചില ഭാരവാഹികൾ പാർട്ടി ഭരണഘടനയ്ക്കു വിരുദ്ധമായി ചെയർമാൻ, പ്രോടെം ചെയർമാൻ സ്ഥാനങ്ങൾ പ്രഖ്യാപിച്ചെന്നുകാട്ടി വർക്കിങ് ചെയർപഴ്സൻ സിൽജി പൗലോസ്, ഡീക്കൻ തോമസ് കയ്യത്തറ എന്നിവരാണു തിരുവനന്തപുരം പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ അന്യായം സമർപ്പിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികളായ അഡ്വ. ആർ.സതീഷ് കുമാർ, ബിനോയ് ജോസഫ്, പ്രഫ.ഷാജി കടമല എന്നിവർക്കു നോട്ടീസ് അയച്ച് മെയ്‌ 17 ന് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

പാർട്ടി ചെയർമാന്റെ മരണത്തെത്തുടർന്ന്, സതീഷ് കുമാർ തിരുവനന്തപുരത്ത് യോഗം വിളിച്ച് തന്നെ ചെയർമാനായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചിരുന്നു. കെ എസ് യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ സതീഷ് കുമാർ ഏറെ നാളായി കേരളാ കോൺഗ്രസിലെ തിരുവനന്തപുരത്തെ പ്രമുഖനാണ്. ഇടതുപക്ഷത്ത് ഉറച്ചു നിൽക്കുന്ന നേതാവ്. രണ്ട്ു തവണ തിരുവനന്തപുരം കോർപ്പറേഷനിലെ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായിരുന്നു. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പിളർപ്പുണ്ടായി പിസി തോമസും കുട്ടരും ഇടതുപക്ഷത്ത് ഉറച്ചു നിന്നപ്പോൾ മുതൽ അതിലെ പ്രധാന മുഖമാണ് സതീഷ് കുമാർ.

സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ എന്നും ഇടതുപക്ഷത്ത് നിന്ന കേരളാ കോൺഗ്രസിനൊപ്പം നിന്ന നേതാവ്. പല ജില്ലാ കമ്മറ്റികളും സതീഷ് കുമാറിനെ പിന്തുണച്ചിരുന്നു. എന്നാൽ ബിനോയ്‌ക്കൊപ്പം ആളില്ലെന്നതാണ് വസ്തുത. ഇതാണ് കേസിലേക്ക് കാര്യങ്ങലെത്തിയത്. ബിനോയ് ജോസഫായിരിക്കും പ്രോടെം ചെയർമാനെന്നു ജനറൽ സെക്രട്ടറി പ്രഫ. ഷാജി കടമലയും അറിയിച്ചിരുന്നു. ചെയർമാന്റെ അസാന്നിധ്യത്തിൽ വർക്കിങ് ചെയർപഴ്സനാണ് ചുമതല വഹിക്കേണ്ടതെന്ന പാർട്ടി ഭരണഘടന ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ അഡ്വ.ബിജിലി ജോസഫ് മുഖേന കോടതിയെ സമീപിച്ചത്.

പാർട്ടി ചെയർമാനെന്ന നിലയിൽ എൽ.ഡി.എഫ്. യോഗത്തിൽ പങ്കെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു ബിനോയ് സ്വയം പ്രഖ്യാപിത ചെയർമാനായി രംഗപ്രവേശം ചെയ്തിരിക്കുന്നതെന്നാണ് ആരോപണം.