ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ഭീഷണിയായി മുന്നിൽ നിൽക്കവെ നിലവിൽ സ്‌കൂളുകൾ തുറക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വാക്സിനേഷൻ പൂർത്തിയാകാതെ സ്‌കൂൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുവാൻ ഉദ്ദേശിക്കുന്നില്ല. യാതൊരു അപകടവും വലിച്ചുവരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

'വിദഗ്ധരുടെ നിർദ്ദേശങ്ങളുടെയും അന്താരാഷ്ട്ര തലത്തിൽ കണ്ടുവരുന്ന പ്രവണതയും പരിശോധിച്ചാൽ കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കാനുള്ള സാധ്യത വളരെ വലുതാണ്. നിലവിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്.

ഉടനടി ഓഫ്ലൈൻ ക്ലാസ്സുകൾ സംഘടിപ്പിച്ച് കുട്ടികളെയും അതുവഴി മറ്റുള്ളവരെയും പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ ഉദ്ദേശിക്കുന്നില്ല', സ്‌കൂളുകൾ ഉടൻ തുറക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡൽഹിയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വളരെ കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേർക്ക് മാത്രമാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. 671 പേരാണ് നിലവിൽ ഡൽഹിയിൽ ചികിത്സയിലുള്ളത്.