തിരുവനന്തപുരം: മകൾ ഐശ്വര്യ സന്തോഷിനു എം.ബി.ബി.എസ് ലഭിച്ച സന്തോഷം പങ്കുവച്ച് നടൻ ബൈജു സന്തോഷ്. ഡോക്ടർ സോമർവെൽ മെമോറിയൽ ഹോസ്പിറ്റലിൽ നിന്നുമാണ് ഐശ്വര്യ നേട്ടം സ്വന്തമാക്കിയത്. ഈ വിജയം അകാലത്തിൽ പൊലിഞ്ഞ ഡോ. വന്ദനക്ക് സമർപ്പിക്കുന്നുവെന്ന് ബൈജു ഫേസ്‌ബുക്കിൽ കുറിച്ചു. മകളുടെ ഫോട്ടോയും സർട്ടിഫിക്കറ്റും ബൈജു ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

'എന്റെ മകൾ ഐശ്വര്യ സന്തോഷിനു ഡോ. സോമർവെൽ മെമോറിയൽ ഹോസ്പിറ്റലിൽ നിന്നും എംബിബിഎസ് ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ഈ വിജയം ദുഃഖത്തോടുകൂടി സമർപ്പിക്കുന്നു..', എന്നാണ് ബൈജു ഫേസ്‌ബുക്കിൽ കുറിച്ചത്.

അടുത്തിടെയാണ് മകൾ ഹൗസ് സർജൻസി ചെയ്യുന്ന വിവരം ബൈജു പങ്കുവച്ചത്. കാരക്കോണം മെഡിക്കൽ കോളേജിൽ നിന്നാണ് ഐശ്വര്യ ഹൗസ് സർജൻസി പൂർത്തിയാക്കിയത്. ബൈജുവിന്റെ മകൻ ലോകനാഥ് പ്ലസ് ടുവിന് പഠിക്കുന്നു. വീട്ടുകാർ എല്ലാവരും സിനിമ കാണും. ഞാനാണ് സിനിമ കുറവ് കാണുന്നത് കുറവെന്നും ബൈജു പറഞ്ഞിരുന്നു. രണ്ടുമക്കളും നന്നായി പഠിക്കുമെന്നും ബൈജു തുറന്നുപറഞ്ഞിരുന്നു.

ഒതുങ്ങി ജീവിക്കേണ്ട സമയത്ത് ഒതുങ്ങി ജീവിക്കണം. നമ്മൾ ഈ ആവശ്യം ഇല്ലാത്ത കാര്യത്തിനൊക്കെ പോയി ചീത്തപ്പേര് കിട്ടി കഴിഞ്ഞാൽ മാറില്ല. നമ്മുടെ കൂടെ ഉള്ള ആളായിരിക്കും ഒരു പണി ഒപ്പിക്കുന്നത്. പക്ഷെ പേര് കിട്ടുന്നത് നമുക്കും. എനിക്ക് അനുഭവം ഉള്ളതാണ്. ഞാൻ അതൊക്കെ കൊണ്ടാണ് ജീവിതത്തിൽ കുറെ ഒതുങ്ങിയത്. പിന്നെ പിള്ളേരൊക്കെ വലുതായില്ലേ. ഇനി ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് നിക്കണോ. ഒരു കാര്യോം ഇല്ലാത്ത കാര്യങ്ങൾ ആണ് എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

കഴിഞ്ഞ മാസം കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു ഡോ. വന്ദന ആക്രമിക്കപ്പെട്ടത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി സന്ദീപ് അതിക്രമം കാണിക്കുകയായിരുന്നു. വനിതാ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തുകയായിരുന്നു. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഡോ. വന്ദന വൈകാതെ മരിക്കുകയായിരുന്നു.