ന്യൂഡൽഹി: 'എയർ ഏഷ്യയ്ക്ക് ഇത്രയും തുറന്ന തൊഴിൽ സംസ്‌കാരമോ? ഇത്രയും തുറന്നതാണെന്ന് അറിഞ്ഞില്ല ടോണി', സോഷ്യൽ മീഡിയയിൽ നിറയെ എയർ ഏഷ്യ സിഇഒ ടോണി ഫെർണാണ്ടസ് ലിങ്ക്ഡ് ഇന്നിൽ ഇട്ട പോസ്റ്റിനെ കുറിച്ചാണ് സംസാരം. ഒരേസമയം, മസാജും മാനേജ്‌മെന്റ് യോഗവും നടത്താൻ കഴിയുന്ന വിധം തുറന്ന തൊഴിൽ സംസ്‌കാരമെന്നാണ് ടോണിയുടെ പോസ്റ്റ്. ഷർട്ട് ധരിക്കാതെ ഇരിക്കുന്ന കോൺഫറൻസ് റൂമിൽ യോഗത്തിനായി ഇരിക്കുന്ന ടോണിയെ യുവതി മസാജ് ചെയ്യുന്നതിന്റെ ചിത്രം അദ്ദേഹം പങ്കുവച്ചു.

'വളരെ സമ്മർദ്ദം നിറഞ്ഞ ഒരാഴ്ചയാണ് കടന്നുപോകുന്നത്. ആ സമയത്ത് വെറാനിറ്റ ജോസഫൈനാണ് മസാജ് ചെയ്താൽ നല്ലതാണെന്നു പറഞ്ഞത്. മസാജിങ്ങിനൊപ്പം തന്നെ മാനേജ്‌മെന്റ് യോഗത്തിലും പങ്കെടുക്കാൻ അവസരം നൽകുന്ന ഇന്തൊനീഷ്യയുടെയും എയർഏഷ്യയിലെയും ശൈലി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു', ടോണി കുറിച്ചു.

പോസ്റ്റിന് പതിവ് പോലെ സമ്മിശ്ര പ്രതികരണമാണ്. ഇത് തീർത്തും അനുചിതമെന്ന് ഒരാൾ. ഏയർ ഏഷ്യയിലെ യാത്രക്കാരുടെ അനുഭവം പോലെ വൃത്തികെട്ടതാണ് യോഗങ്ങളുമെന്ന് മറ്റൊരു വിമർശകൻ. ഒരു ദിവസത്തെ ജോലി കഴിഞ്ഞതിന് ശേഷവും, ആളൊഴിഞ്ഞ ശേഷവും ആണെങ്കിൽ കൂടി ഫോട്ടോ എടുക്കുമ്പോൾ ഷർട്ട് ധരിക്കു എന്നായിരുന്നു ഒരുഉപദേശം. ജോലി സംസ്‌കാരം പ്രദർശിപ്പിക്കാൻ ഇട്ട പോസ്റ്റ് വിപരീത ഫലം ഉളവാക്കിയെന്ന് മറ്റൊരു വിമർശനവും ഉണ്ട്.

അതേസമയം, ഏയർ ഏഷ്യക്ക് തുറന്ന സംസ്‌കാരമെന്നുപറയുമ്പോൾ ഇത്രയും തുറന്നതായിരിക്കുമെന്ന് കരുതിയില്ലെന്ന പരിഹാസവും വരുന്നു.ഈ ബോസിനെ സ്‌നേഹിക്കുന്നു എന്നുപറഞ്ഞ് സിഇഒയെ അഭിനന്ദിക്കുന്നവരും ഉണ്ട്.