ന്യൂഡൽഹി: കനേഡിയൻ പൗരത്വത്തെ ചൊല്ലി ഏറെ വിമർശനങ്ങൾ കേട്ട നടൻ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം. 77ാം സ്വാതന്ത്ര്യ ദിനത്തിലാണ് നടന് പൗരത്വം ലഭ്യമായത്. 'മനസ്സും പൗരത്വവും -രണ്ടും ഹിന്ദുസ്ഥാനി' എന്ന കുറിപ്പോടെ രജിസ്‌ട്രേഷൻ രേഖയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

തന്റെ രാജ്യസ്‌നേഹത്തെ ആളുകൾ ചോദ്യം ചെയ്യുമ്പോൾ തനിക്ക് നിരാശ തോന്നിയിട്ടുണ്ടെന്ന് അക്ഷയ് കുമാർ മുമ്പ് പറഞ്ഞിരുന്നു.' ഇന്ത്യയാണ് എനിക്കെല്ലാം...എന്തെല്ലാം ഞാൻ നേടിയോ, അതെല്ലാം ഇവിടെ നിന്നാണ്. അതുതിരികെ നൽകാൻ അവസരം കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്. കാര്യമറിയാതെ ആളുകൾ ഓരോന്നുപറയുമ്പോൾ, നമ്മൾക്ക് വിഷമം തോന്നും, ആജ്തക് ചാനലിന് നൽകിയ അഭിമുഖത്തിൽ അക്ഷ് കുമാർ പറഞ്ഞിരുന്നു.

2019 ൽ ഇന്ത്യൻ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചെങ്കിലും, കോവിഡ് കാരണം കാലതാമസം നേരിടുകയായിരുന്നു. പ്രധാനമന്ത്രിയുമായുള്ള അഭിമുഖം നടത്തിയതിനെ തുടർന്നാണ് അക്ഷയ് കുമാറിന്റെ കനേഡിയൻ പൗരത്വം ചർച്ചാവിഷയമായത്.

അതിനിടെ, രാഷ്ട്രീയ ബജ്‌റംഗ് ദൾ എന്ന സംഘടന അക്ഷയ് കുമാറിനെ തല്ലുന്നവർക്ക് 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ്. അക്ഷയ് കുമാർ മുഖ്യവേഷമിട്ട 'ഓ മൈ ഗോഡ് 2' ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന പേരിലാണ് തല്ലാൻ ആഹ്വാനം. പ്രതിഷേധക്കാർ അക്ഷയ് കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തു.