തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.ശിവശങ്കറിന് ജാമ്യം നൽകുന്നതിനെ ഇഡി എതിർത്തിരുന്നു. ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു ഇഡിയുടെ വാദം.

എറണാകുളം ജില്ലാ ജയിലിൽനിന്നു വ്യാഴാഴ്ച ശിവശങ്കർ പുറത്തിറങ്ങുന്നതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര. ''സത്യത്തിൽ ഈ കാഴ്ച സങ്കടകരമാണ്. എന്തിന് വേണ്ടിയാണ് ഈ പീഡാനുഭവം, ഈ കേസിൽ ഇയാൾ മാത്രം ഇത് അനുഭവിച്ച് തീർത്താൽ മതിയോ?'' എന്ന കുറിപ്പിനൊപ്പമാണ് അനിൽ അക്കരയുടെ പോസ്റ്റ്.

നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യനടപടി.ശിവശങ്കറിന് ജാമ്യം നൽകുന്നതിനെ ഇഡി എതിർത്തിരുന്നു. ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു ഇഡിയുടെ വാദം. ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഫെബ്രുവരി 15 നാണ് ശിവശങ്കർ അറസ്റ്റിലായത്. കഴിഞ്ഞ ആറ് മാസമായി ജയിലിൽ കഴിയുകയാണ്.വടക്കാഞ്ചേരിയിൽ വീടുകൾ നിർമ്മിച്ചു നൽകാനുള്ള ലൈഫ് മിഷന്റെ പദ്ധതിക്കു വേണ്ടി യു.എ.ഇയിലെ സന്നദ്ധ സംഘടനയായ യു.എ.ഇ റെഡ് ക്രസന്റ് നൽകിയ പത്തു ലക്ഷം ദിർഹമിൽ നിന്ന് 4.5 കോടി രൂപ സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ള ഇടനിലക്കാർക്ക് നൽകിയെന്നും, കമ്മിഷനായി ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ഇ.ഡിയുടെ ആരോപണം. സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറുകളിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ ഈ ഇനത്തിൽ ശിവശങ്കറിനു ലഭിച്ച കോഴയാണെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്.

ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നാണ് കേസ്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയാണ് കേസിൽ ശിവശങ്കറിനെ കുടുക്കിയത്. ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നായിരുന്നു സ്വപ്ന ഇഡിക്ക് നൽകിയ മൊഴി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്നു സ്വപ്നയുടെ അക്കൗണ്ടിൽ നിന്നും ഈ പണം ഇഡി കണ്ടെത്തിയത്. എന്നാൽ സ്വപ്നയുടെ മൊഴി ശിവശങ്കർ നിഷേധിച്ചിരുന്നു.