തിരുവനന്തപുരം: മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ എഡിറ്റിങ്ങിനെ വരെ വിമർശിക്കുന്ന നിരൂപകർ എഡിറ്റിങ്ങും അറിഞ്ഞിരിക്കണമെന്ന പരാമർശം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.നിരവധി പേരാണ് അന്ന് മോഹൻലാലിനെ വിമർശിച്ച് രംഗത്ത് വന്നത്.ഇപ്പോഴിത സമാന അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോൻ.

നിരൂപകർ സിനിമയെന്ന മാധ്യമത്തെ കൂടുതൽ അറിയേണ്ടതും പഠിക്കണ്ടതും ആവശ്യമാണെന്ന് സംവിധായിക അഞ്ജലി മേനോൻ.നിരൂപണം ചെയ്യുന്ന ഒരാൾക്ക് സിനിമയുടെ സാങ്കേതിക ഘടകങ്ങളെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണെന്നും അഞ്ജലി മേനോൻ പറയുന്നു.തന്റെ പുതിയ ചിത്രം വണ്ടർ വിമെനിന്റെ റിലീസിനു മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് അഞ്ജലി മേനോന്റെ അഭിപ്രായ പ്രകടനം.

നിരൂപകർ സിനിമയെന്ന മാധ്യമത്തെ കൂടുതൽ അറിയേണ്ടതും പഠിക്കണ്ടതും ആവശ്യമാണ്. നിരൂപണം ചെയ്യുന്ന ഒരാൾക്ക് സിനിമയുടെ സാങ്കേതിക ഘടകങ്ങളെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണെന്നും നല്ല നിരൂപണങ്ങൾ തനിക്ക് ഇഷ്ടമാണെന്നും അഞ്ജലി പറയുന്നു. പലപ്പോഴും നിരൂപകർക്ക് സിനിമയുടെ സാങ്കേതികതയെപ്പറ്റി അറിവുണ്ടാകില്ല. അത് അറിയേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു.പ്രത്യേകിച്ചും ഒരു സിനിമ എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന്.

എനിക്ക് ഏറ്റവും ചിരി വരാറുള്ളത് സിനിമയ്ക്ക് ലാഗ് ഉണ്ട് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോഴാണ്. എന്താണ് അത് എഡിറ്റിങ് എന്ന പ്രക്രിയ എന്താണ് അത് ആദ്യം കുറച്ചെങ്കിലും ഒന്ന് അറിഞ്ഞിരിക്കണം,ഇങ്ങനെയുള്ള അഭിപ്രായം പറയുന്നതിന് മുൻപേ. ഒരു സിനിമയുടെ പേസ് എന്തായിരിക്കണമെന്ന് ഒരു ഡയറക്ടർ തീരുമാനിച്ചിട്ടുണ്ടാവുമല്ലോ.ഒരു ബന്ധവുമില്ലാത്ത രണ്ട് സിനിമകൾ താരതമ്യം ചെയ്തിട്ടൊക്കെ ഇവർ സംസാരിക്കും. അത് അങ്ങനെയല്ല വേണ്ടത്. നല്ല നിരൂപണങ്ങൾ എനിക്ക് ഇഷ്ടമാണ്.

അത് വളരെ പ്രധാനമാണ്. സിനിമാ നിരൂപണം എന്നത് ഞങ്ങൾക്കൊക്കെ പഠിക്കാനുള്ള ഒരു വിഷയമായിരുന്നു. പക്ഷേ സിനിമയെന്ന മാധ്യമത്തെ മനസിലാക്കുക പ്രധാനമാണ്. നിരൂപണം നടത്തുന്ന ആളുകൾ സിനിമ എന്തെന്ന് കുറച്ചുകൂടി മനസിലാക്കിയിട്ട് സംസാരിക്കുകയാണെങ്കിൽ അത് എല്ലാവർക്കും ഗുണം ചെയ്യും.

സോഷ്യൽ മീഡിയ സിനിമാഗ്രൂപ്പുകളിൽ വളരെ മൂല്യവത്തായ ചർച്ചകളാണ് പലപ്പോഴും നടക്കാറ്. അത് വായിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ഒരു ഫിലിംമേക്കർ എന്ന നിലയിൽ നമ്മൾ ചില കാര്യങ്ങൾ ഒളിപ്പിച്ചുവെക്കുമല്ലോ.അത് അവർ മനസിലാക്കുന്നു എന്നറിയുമ്പോൾ വലിയ സന്തോഷമാണ്. നീളൻ നിരൂപണങ്ങളൊക്കെ എഴുതുന്നുണ്ട് ഇപ്പോൾ ആളുകൾ.

പ്രക്ഷകരിൽ നിന്ന് നിരൂപകർ വളർന്നു വരുമ്പോൾ നിരൂപകരും കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ മാധ്യമത്തെ ഒന്ന് മനസിലാക്കിയിട്ട് ചെയ്താൽ അത് എല്ലാവർക്കും നല്ലതല്ലേ, അഞ്ജലി മേനോൻ ചൂണ്ടിക്കാട്ടുന്നു.