ന്യൂഡൽഹി : ചൈനയുമായി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യൻ സൈനികരുടെ ചിത്രങ്ങൾ പുറത്തുവിട്ട് സൈന്യം. 3 ഇൻഫൻട്രി ത്രിശൂൽ ഡിവിഷൻ പട്യാല ബ്രിഗേഡിലെ സൈനികരാണ് ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. ലേ ആസ്ഥാനമായുള്ള 14 കോർ ആണ് ചിത്രങ്ങൾ ട്വിറ്റർ വഴി പങ്കുവച്ചത്.

പട്രോളിങ് പോയിന്റ് 4ന് ചുറ്റുമുള്ള ബഫർ സോണിൽ നിന്ന് കുറച്ച് അകലെയുള്ള സ്ഥലത്ത് നിന്നുള്ളതാണ് ചിത്രങ്ങൾ. യഥാർത്ഥ നിയന്ത്രണ രേഖയിൽ മൈനസ് ഡിഗ്രി താപനിലയിൽ വിന്യസിച്ചിരിക്കുന്ന സൈനികരുടെ മനോവീര്യം വെളിവാക്കുന്നതാണ് ചിത്രമെന്ന് സൈന്യം വ്യക്തമാക്കി.

ഡിസംബർ 20ന് ചൈനയുമായി നടന്ന 17-ാം റൗണ്ട് ചർച്ചയിസും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഇരു സൈന്യങ്ങളും തമ്മിലുള്ള അടുത്ത റൗണ്ട് കോർ കമാൻഡർ ലെവൽ ചർച്ചകൾക്ക് മുന്നോടിയായാണ് ചിത്രങ്ങൾ പുറത്തുവന്നത്. കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളായ ഡെപ്സാങ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ സൈനിക പിന്മാറ്റത്തിന് ചൈന ഇതുവരെ തയ്യാറായിട്ടില്ല.

സിക്കിമിലെയും അരുണാചൽ പ്രദേശിലെയും യഥാർഥ നിയന്ത്രണ രേഖയിൽ സമ്മർദം വർധിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്നു തുടർച്ചയായ മൂന്നാം വർഷവും ഇരു സൈന്യവും 50,000 സൈനികരെ വീതം മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

2020 ജൂൺ 15നാണ് ഗൽവാൻ താഴ്‌വരയിൽ, ചൈനയുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്. വടികളും മറ്റു മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ചൈനയുടെ ആക്രമണം. ഒരു ബറ്റാലിയൻ കമാൻഡിങ് ഓഫിസറെയും മറ്റു മൂന്നു-നാലുപേരുടെയും ജീവൻ നഷ്ടപ്പെട്ടതായി പിന്നീട് സമ്മതിച്ചെങ്കിലും ചൈന ഇതുവരെ യഥാർഥ മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ല.