തിരുവനന്തപുരം: ഒരുവർഷം മുമ്പാണ് ഇതേ ദിവസം തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനും, കോഴിക്കോട് ബാലുശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായത്. സെപ്റ്റംബർ നാലിന് ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്.

വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം' എന്ന കൃതിയിലെ വരികൾ പങ്കുവെച്ച് ആര്യ ആശംസകൾ നേർന്നു. 'സാറാമ്മേ...പ്രണയമെന്നാൽ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകൾ ചേർത്ത് ഉമ്മ വെച്ചും ചിരിച്ചും ഇരിക്കുന്ന ഒരേർപ്പാടാണെന്നാണ് ഞാൻ കൗമാരകാലത്ത് ധരിച്ചുവെച്ചിരുന്നത്. സങ്കടങ്ങൾ ചേർത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്.' സച്ചിനൊപ്പമുള്ള വിവാഹചിത്രത്തോടൊപ്പം ആര്യ ഫേസ്‌ബുക്കിൽ കുറിച്ചു.

നിരവധി പേർ ദമ്പതികൾക്ക് ആശംസകൾ നേരുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബർ നാലിനായിരുന്നു ഇരുവരുടേയും വിവാഹം. ഓഗസ്റ്റിൽ ഇരുവർക്കും പെൺകുഞ്ഞ് പിറന്നു.

ബാലസംഘം- എസ്എഫ്‌ഐ പ്രവർത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പാർട്ടിയും കുടുംബങ്ങളും കൂടെ നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാർട്ടി നേതാക്കളും വിവാഹം നിശ്ചയിക്കുകയായിരുന്നു.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രൻ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിൻ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ സിനിമാ താരം ധർമജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ.