കൊച്ചി: കോഴിക്കോട് വച്ച് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. സംഭവത്തിൽ പ്രതികരണവുമായി നടൻ ബാബുരാജ് പോസ്റ്റിട്ടു. മാധ്യമ പ്രവർത്തകയോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് ബാബുരാജിന്റെ പ്രതികരണം. സുരേഷ് ഗോപിയുടെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചതെന്നാണ് ബാബുരാജ് കമന്റായി കുറിച്ചത്.

ബാബുരാജിന്റെ പ്രതികരണം

'കഷ്ടം എന്തൊരു അവസ്ഥ '... വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല ... കണ്ടിട്ടില്ല ......ഒരു പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചത് .... സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ.

കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

നേരത്തെ മാധ്യമ പ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. മോശം ഉദ്ദേശ്യത്തോടെ സുരേഷ് ഗോപി പെരുമാറിയെന്നാണ് പരാതിയിൽ മാധ്യമപ്രവർത്തക ചൂണ്ടിക്കാട്ടിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നു കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. വിഷയത്തിൽ സുരേഷ് ഗോപി മാപ്പു പറഞ്ഞെങ്കിലും അത് ഉൾകൊള്ളാതെയാണ് പരാതി നൽകിയിരിക്കുന്നത്.