കൊച്ചി: ചിരിപ്പിച്ച് ചിരിപ്പിച്ച് നടൻ ഇന്നസെന്റ് വിടവാങ്ങിയപ്പോൾ എത്രയോ പേരാണ് അനുസ്മരണ കുറിപ്പുകൾ എഴുതുന്നത്. അക്കൂട്ടത്തിൽ, ഇന്നസെന്റിന്റെ പഴയകാലത്തെ സൂചിപ്പിക്കുന്ന എഴുത്തുകാരൻ ബഷീർ വള്ളിക്കുന്നിന്റെ പോ്‌സ്റ്റ് ശ്രദ്ധേയമായി. സിനിമയിൽ വരും മുമ്പ് ഇന്നസെന്റ് ദാവൺഗരെയിൽ തീപ്പെട്ടി കമ്പനി നടത്തി പൊളിഞ്ഞ കാലത്തെ തന്റെ എളാപ്പയുടെ അനുഭവകഥയാണ് ബഷീർ വള്ളിക്കുന്ന് കുറിക്കുന്നത്.

പോസ്റ്റ് വായിക്കാം:

ഇന്നസെന്റിന് കർണാടകയിലെ ദാവൺഗരെയിൽ ഒരു തീപ്പെട്ടിക്കമ്പനി ഉണ്ടായിരുന്നു. സിനിമയിൽ വരുന്നതിന് മുമ്പാണ്.. എന്റെ ഉപ്പക്ക് ദാവൺഗരെയിൽ കച്ചവടമുള്ള കാലം. ഉപ്പ മാത്രമല്ല ഉപ്പയും എളാപ്പമാരും ഞങ്ങളുടെ കുടുംബത്തിലെ മിക്കവാറും എല്ലാവരും അവിടെയുള്ള കാലം..

തീപ്പെട്ടി കമ്പനി വിജയിച്ചില്ല. കടത്തിലും മറ്റുമായി ഇന്നസെന്റ് അവിടം വിട്ടു. എന്റെ എളാപ്പക്ക് അന്ന് ദാവൺഗരെ ബി ടി സ്ട്രീറ്റിൽ ഒരു വാച്ച് റിപ്പയർ ഷോപ്പുണ്ട്.. ഉപ്പ നടത്തിയിരുന്ന ഹോട്ടലിന്റെ മറുവശത്തുള്ള റോഡ്. വർഷങ്ങളോളം എളാപ്പ അവിടെ വാച്ച് റിപ്പയർ ഷോപ്പ് നടത്തിയിട്ടുണ്ട്. (പിന്നീട് സ്വിട്‌സര്‌ലാണ്ടിൽ നിന്ന് ട്രെയിനിങ് കഴിഞ്ഞു സൗദിയിൽ റോളക്സിൽ ചേരുന്നത് വരെ അവിടെയായിരുന്നു). എളാപ്പയുടെ റിപ്പയർ ഷോപ്പിന്റെ അടുത്ത് ഒരു ഷെട്ടിയുടെ കടയുണ്ട്. സിഗററ്റും തീപ്പെട്ടിയുമെല്ലാം ഹോൾസെയിലായി വില്ക്കുന്ന കടയാണ്.

ഷെട്ടി എളാപ്പയുടെ അടുത്ത് വന്ന് മിക്കപ്പോഴും ഒരു പരാതി പറയും.. തീപ്പെട്ടിക്കമ്പനി നടത്തിയിരുന്ന നിങ്ങളുടെ നാട്ടുകാരൻ എനിക്ക് കുറച്ച് കാശ് തരാനുണ്ട്.. അയാൾ കമ്പനി ഒഴിവാക്കി പോയി. എന്റടുത്ത് അഡ്രസ് ഒന്നുമില്ല, എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ സഹായിക്കണം. എന്റെ ഉപ്പയും എളാപ്പയുമൊക്കെയാണ് ദാവൺഗരെ മലയാളി അസോസിയേഷന്റെ അക്കാലത്തെ പ്രധാന ഭാരവാഹികൾ. അതുകൊണ്ട് ഇത്തരം പരാതികൾ പതിവാണ്.

ഇന്നസെന്റ് അന്ന് അറിയപ്പെടുന്ന ഒരാൾ അല്ലാതിരുന്നതുകൊണ്ടാവണം അദ്ദേഹത്തെ ബന്ധപ്പെടാൻ മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. നാട്ടിലെ വിലാസവും അറിയില്ല.. ഷെട്ടിയും പരാതിയുമായി അങ്ങനെ കുറെ കാലം കഴിഞ്ഞു. അതിനിടക്ക് ഇന്നസെന്റ് ഒരു നടനായി വളർന്നു. മനോരമയിലോ നാനയിലോ (എളാപ്പ കൃത്യമായി ഓർക്കുന്നില്ല) അദ്ദേഹത്തിന്റെ ഒരു അഭിമുഖം വന്നു. ആ അഭിമുഖത്തിൽ ഇന്നസെന്റ് തന്റെ പഴയ കാലം ഓർക്കുന്നുണ്ട്.. ദാവൺഗരെയിൽ തീപ്പെട്ടി കമ്പനി നടത്തിയതും കടങ്ങൾ വന്നതുമെല്ലാം അദ്ദേഹം തുറന്ന് പറയുന്നുണ്ട്. ഷെട്ടിക്ക് പണം കൊടുക്കാനുള്ളതും അദ്ദേഹത്തെ കാണാൻ ദാവൺഗരെയിൽ പോകണമെന്നുമൊക്കെ അതിൽ പറയുന്നുണ്ട്. ഈ അഭിമുഖം എളാപ്പയും വായിച്ചു. ഇത് നമ്മുടെ ഷെട്ടി തന്നെ എന്ന് ഉറപ്പായി. വാരികയിലുണ്ടായിരുന്ന ഇന്നസെന്റിന്റെ വിലാസത്തിൽ ഷെട്ടിയുടെ കാര്യം സൂചിപ്പിച്ച് എളാപ്പ കത്തയച്ചു.

ഉടനെ ഇന്നസെന്റിന്റെ മറുപടി വന്നു. അദ്ദേഹത്തേയും കൂട്ടി നാട്ടിലെത്താൻ. എളാപ്പക്ക് അന്ന് പോകാൻ കഴിയാതിരുന്നതിനാൽ മറ്റൊരു മലയാളിയെയും കൂട്ടി ഇരിങ്ങാലക്കുടയിലേക്ക് ഷെട്ടിയെ വിട്ടു. അദ്ദേഹം അവിടെ എത്തിയപ്പോൾ ഇന്നസെന്റ് ഷൂട്ടിങ് ലൊക്കേഷനിലാണ്. വീട്ടുകാർ അദ്ദേഹത്തെ ബന്ധപ്പെട്ട് കൊടുക്കാനുള്ള കാശ് കൊടുത്തു. ഷെട്ടിയും ഹാപ്പി എളാപ്പയും ഹാപ്പി.

എല്ലാം തമാശ രൂപത്തിൽ പറയുന്ന ആളാണല്ലോ ഇന്നസെന്റ്.. പിന്നീടൊരിക്കൽ ഒരഭിമുഖത്തിൽ ദാവൺഗരെയിൽ തീപ്പെട്ടി കച്ചവടത്തിന്റെ കാര്യം പറയുന്ന കൂട്ടത്തിൽ അവിടെയുള്ള 'ദുഷ്ടനായ' ഒരു മലയാളിയെക്കുറിച്ച് ഇന്നസെന്റ് തമാശ പറയുന്നുണ്ട്. 'ഒരഭിമുഖത്തിൽ തീപ്പെട്ടിക്കമ്പനി കടം വന്ന് പൊട്ടിയ കാര്യം പറഞ്ഞു, ദുഷ്ടനായ ഒരു മലയാളി കടം കൊടുക്കാനുണ്ടായിരുന്ന ഷെട്ടിക്ക് അത് കാണിച്ചു കൊടുത്തു' എന്നൊക്കെ.. ഇന്നസെന്റിന് മാത്രം പേറ്റന്റുള്ള ആ സ്വതഃസിദ്ധമായ തമാശയിൽ പരാമർശിക്കപ്പെട്ട 'ദുഷ്ടനായ മലയാളി' എന്റെ എളാപ്പയാണ്..

സാധാരണ ഗതിയിൽ വലിയ നിലയിലെത്തിയാൽ ആളുകൾ പഴയ കാലം മറക്കും.. ആ കാലഘട്ടത്തെ ഓർക്കാൻ പോലും ഇഷ്ടപ്പെടില്ല.. ഇന്നസെന്റ് അങ്ങനെയായിരുന്നില്ല.. തന്റെ പഴയ കാലം ഒരിക്കലും മറന്നില്ല. വലിയ ഉയരങ്ങൾ കീഴടക്കിയപ്പോഴും പഴയ കാലം ഗൃഹാതുരതയോടെ അദ്ദേഹം ഓർത്തുകൊണ്ടിരുന്നു. അവയൊക്കെ ആളുകളോട് തുറന്നു പറഞ്ഞു. ഒന്നും മറച്ചു വെക്കാത്ത ആ തുറന്ന് പറച്ചിലാണ് ഷെട്ടിയെ രക്ഷിച്ചത്.