കൊച്ചി: ഉത്തർപ്രദേശിലെ ലക്‌നൗവിൽ മുസ്ലിം വിദ്യാർത്ഥിയെ ഒരു അദ്ധ്യാപിക മറ്റു കുട്ടികളെ കൊണ്ട് കവിളത്ത് അടിപ്പിക്കുന്ന രംഗങ്ങൾ രാജ്യത്താകെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഒട്ടേറെപേരാണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. അദ്ധ്യാപികയ്ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുമ്പോൾ സംഭവത്തിൽ നടൻ ഹരീഷ് പേരടി എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 685 കോടിയുടെ ചന്ദ്രയാൻ- 3 ന്റെ അഭിമാനം കളയാൻ ഇങ്ങിനെയൊരു അദ്ധ്യാപിക മതി എന്ന് കേന്ദ്രസർക്കാർ മറക്കരുതെന്ന് ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

ഇന്ത്യ എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫർ നഗറിലെ ഈ സ്‌കൂളിന് മുന്നിൽ അല്ലെ ഒത്ത് ചേരണ്ടേത്...അത് തിരഞ്ഞെടുപ്പ് രാഷ്ട്രിയമല്ല...മറിച്ച് മനസ്സിൽ പുഴു കുത്തുകളില്ലാത്ത വരും തലമുറയുടെ യഥാർത്ഥ ഇന്ത്യയെ ഉണ്ടാക്കാനാണ് ...ആ സ്‌കൂളിന്റെ മുന്നിൽ നിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കു...വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ..കേന്ദ്ര സർക്കാറെ..685 കോടിയുടെ ചന്ദ്രയാൻ- 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അദ്ധ്യാപിക മതി എന്ന് മറക്കരുത്...

അദ്ധ്യാപികയ്ക്കെതിരേ ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി മുസാഫർനഗർ പൊലീസ് അറിയിച്ചു. മുസാഫർനഗറിലെ ഖുബ്ബാപുർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ്. വിദ്യാഥിയെ തല്ലാൻ മറ്റു കുട്ടികളെ അദ്ധ്യാപിക പ്രേരിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോലുള്ളത്. അടിയേറ്റ കുട്ടി കരയുമ്പോൾ കുടുതൽ നല്ല അടി കൊടുക്കാൻ അദ്ധ്യാപിക പറയുന്നു.

അതേസമയം അദ്ധ്യാപിക പൊലീസ് മുന്നിൽ മാപ്പ് പറഞ്ഞതായും പരാതിയില്ലെന്ന് എഴുതി നൽകിയതായും വിദ്യാർത്ഥിയുടെ പിതാവ് ഇർഷദ് പറഞ്ഞു. മകനെ സ്‌കൂളിലേക്ക് ഇനി അയക്കില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർദനത്തിനിരയായ വിദ്യാർത്ഥിയെ തിരിച്ചറിയാതിരിക്കാൻ വിഡിയോ പങ്കുവെക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ മേധാവി പ്രിയങ്ക് കനൂംഗോ അഭ്യർത്ഥിച്ചു.