കൊല്ലം: തിരക്കിനിടയിൽ, വാഹനം തട്ടി വീട്ടുമുറ്റത്തോ, ഓഫീസ്മുറ്റത്തോ, ഒരുചെടി ചട്ടി പൊട്ടി. ആരും കണ്ടില്ലെങ്കിൽ, അതവിടെ കിടക്കട്ടെ എന്ന മട്ടിൽ ഒന്നുമറിയാത്ത പോലെ ചിലർ കടന്നുപോയേക്കാം. എന്നാൽ, ചിലരങ്ങനെയല്ല. അത്തരം ഒരാളെ കുറിച്ചാണ് യുവജന കമ്മീഷൻ മുൻ അദ്ധ്യക്ഷയും, ഡിവൈഎഫ്‌ഐ നേതാവുമായ ചിന്ത ജെറോം കുറിക്കുന്നത്.

ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ വാഹനങ്ങൾ വന്നുപോയതിനിടെ, ഒരു ചെടിച്ചെട്ടി പൊട്ടി. തിരക്കുകൾ ഒഴിഞ്ഞപ്പോൾ, കതകിന്റെ സൈഡിലായി ഒരു കുറിപ്പിൽ പണം പൊതിഞ്ഞു വെച്ചിരിക്കുന്നത് കണ്ടു. പുതിയ ചെടിച്ചട്ടി വാങ്ങാനുള്ള പണം വച്ചുപോയ ആ അജ്ഞാത സുഹൃത്തിന് സ്‌നേഹവും നന്മകളും നേരുകയാണ് ചിന്ത ജെറോം.

ചിന്ത ജെറോമിന്റെ കുറിപ്പ്:

ഇന്ന് ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ എത്തിയപ്പോൾ മുൻവശത്തായി ഒരു ചെടിച്ചട്ടി പൊട്ടി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. വാഹനങ്ങൾ നിരന്തരം വന്നു പോകുന്ന ഇടമായതിനാൽ സ്വാഭാവികമായും തട്ടി പൊട്ടിയതാവും എന്ന് കരുതി. പിന്നീട് ഓഫീസിൽ കമ്മിറ്റിയും മീറ്റിങ്ങുകളും ഒക്കെയായിരുന്നു. അതു കഴിഞ്ഞ് ഇടവേളയിൽ നോക്കിയപ്പോൾ കതകിന്റെ സൈഡിലായി ഒരു കുറിപ്പിൽ പണം പൊതിഞ്ഞു വെച്ചിരിക്കുന്നത് കണ്ടു.

ആ കുറിപ്പിൽ ചെടിച്ചട്ടി പൊട്ടിയതിന്റെ ക്ഷമാപണത്തോടൊപ്പം പുതിയ ചെടിച്ചട്ടിക്ക് ആവശ്യമായ പൈസയും വെച്ചിരുന്നു.ഏറെ കൗതുകവും അതിലുപരിയായി നന്മയും സ്‌നേഹവും സത്യവും നിറഞ്ഞ ഒരു എഴുത്തായിരുന്നു അജ്ഞാതനായ ആ വ്യക്തി അവിടെ വച്ചിട്ടു പോയത്. ഒരു ചെടിച്ചട്ടി പൊട്ടിയതിനപ്പുറം ഹൃദയത്തിൽ സത്യവും നന്മയും സ്‌നേഹവും സഹകരണവും ഉള്ളവരായതിനാലാവും അവരീ കുറിപ്പും പണവും വച്ച് പോയത്. ആ അജ്ഞാത സുഹൃത്തിന് സ്‌നേഹം ... നന്മകൾ നേരുന്നു..