ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.ചികിത്സാപ്പിഴവ് മൂലമാണ് യുവതിയും കുഞ്ഞും മരിച്ചതെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ഇവരുടെ ബന്ധുക്കൾ. പരാതി പൊലീസിന് നൽകുകയും ഈ പരാതിയിന്മേൽ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

പുക്കിൾക്കൊടി പുറത്തുവന്നപ്പോഴാണ് സിസേറിയൻ തീരുമാനിച്ചതെന്നും അമ്മയ്ക്കും കുഞ്ഞിനും പ്രസവസമയത്ത് 20 ശതമാനത്തിലും താഴെയായിരുന്നു ഹൃദയമിടിപ്പ് എന്നുമാണ് സൂപ്രണ്ട് അബ്ദുൽ സലാം സംഭവവുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണം.ഇതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമത്തിലെ ചർച്ചാവിഷയംഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ) സമൂഹമാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൾഫി നൂഹുവാണ് കുറിപ്പ് പങ്കുവെച്ചത്.

പ്രസവസമയത്ത് അമ്മയോ കുഞ്ഞോ മരിക്കുന്ന സംഭവങ്ങൾ പരിപൂർണമായും ഇല്ലാതാക്കാൻ സാധിക്കില്ലെന്നും അതിന് അതിന്റേതായ കാരണങ്ങൾ ഉണ്ടായിരിക്കുമെന്നാണ് ഡോ. സുൾഫി നൂഹു വിശദീകരണമായി പറയുന്നത്.'പെരിപ്പാർട്ടം കാർഡിയോമയോപ്പതി' എന്ന അവസ്ഥയായിരിക്കാം ആലപ്പുഴയിലെ അമ്മയുടെയും കുഞ്ഞിന്റെയും മരണകാരണമെന്നും ഡോക്ടർ വിശദീകരിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

'ജന്മം നൽകുമ്പോൾ മരണം ദൗർഭാഗ്യകരമാണ്. ചില രോഗാവസ്ഥകളിൽ അതിനെ മാറ്റി നിർത്താൻ കഴിയില്ല. ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവാനന്തരം അമ്മയുടെയും കുഞ്ഞിന്റെയും മരണം. പെരിപ്പാട്ടം കാർഡിയോ മയോപ്പതി എന്ന അതീവ ഗുരുതരമായ അവസ്ഥയാണ് മരണകാരണമായത്. അതായത് ഹൃദയത്തിലെ മാംസപേശികളിലെ ശക്തികുറവുണ്ടാകുന്ന അവസ്ഥ.

പൊതുവേ ഈ രോഗത്തിന് കാരണങ്ങൾ നിരവധി ചൂണ്ടിക്കാണിക്കപ്പെടുന്നു. അമ്മയുടെ പ്രായക്കൂടുതൽ, പ്രീ എക്ലാംസിയ എന്ന അവസ്ഥ തുടങ്ങി ജീനുകളിലെ വ്യത്യാസം വരെ പറയുവാൻ കഴിയും. മരണം നിർഭാഗ്യകരമാണ്.

എന്നാൽ ചില അവസ്ഥകളിൽ വൈദ്യശാസ്ത്രം നിസ്സഹായമായി പോകും. ഭാരതത്തിൽ തന്നെ പ്രസവസംബന്ധമായ മരണങ്ങളിൽ ഏറ്റവും കുറവ് കാണിക്കുന്ന സംസ്ഥാനം കേരളം. എങ്കിലും ഒരു ലക്ഷം പ്രസവങ്ങളിൽ 19 ആൾക്കാർ മരിച്ചുപോകുന്ന കണക്ക് മറ്റ് സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ വളരെ മെച്ചപ്പെട്ടത്. എന്നുമാത്രമല്ല വിദേശ വികസിത രാജ്യങ്ങളോടൊപ്പം കിടപിടിക്കുന്നത്.

ജന്മം നൽകുമ്പോൾ അത്യപൂർവ്വമായി സംഭവിക്കാവുന്ന ഈ അപകടങ്ങൾ പരിപൂർണ്ണമായും ഒരിടത്തും ഒഴിവാക്കുവാൻ കഴിയില്ല തന്നെ. ഡോക്ടർമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും മർദ്ദിച്ചാലോ ആശുപത്രികൾ തല്ലിത്തകർത്താലോ പെരി പാർട്ടം കാർഡിയോ മയോപ്പതി ഇല്ലാതാകില്ല തന്നെ! മറ്റൊരു ആശുപത്രി ആക്രമണത്തിന്റെ മുന്നൊരുക്കങ്ങൾ അവിടെ നടക്കുന്നുണ്ടോ എന്ന് സന്ദേഹം...'- ഡോ. സുൾഫി നൂഹുവിന്റെ വാക്കുകൾ.