ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയുടെ ലണ്ടനിലെ ഓഫീസ് വെള്ളിയാഴ്‌ച്ച വേദിയായത് അസാധാരണമായ ഒരു പ്രതിഷേധത്തിനായിരുന്നു. സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച വിഷയങ്ങളിൽ ഫേസ്‌ബുക്ക് അപ്രഖ്യാപിത സെൻസറിങ് നടത്തുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. സ്ത്രീ ശാക്തീകരണ ചാരിറ്റി സംഘടനയായ ഷീ ഓത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. സ്ത്രീ ലൈംഗികാവയവങ്ങളുമായി ബന്ധപ്പെട്ട പദങ്ങൾ ഓൺലൈനിൽ പ്രചാരത്തിൽ വരുത്താൻ ശ്രമിക്കുന്ന ബോഡിഫോം പ്രതിനിധികളും പ്രതിഷേധത്തിൽ പങ്ക്യെൂടുത്തു.

ആർത്തവവുമായി ബന്ധപ്പെട്ട ഉദ്പന്നങ്ങളുടെ നിർമ്മാതാക്കൾ കൂടിയായ ബോഡി ഫോം ആരോപിക്കുന്നത്, അവരുടെ പല പര്യസ്യങ്ങൾക്കും അമിത ലൈംഗികത ആരോപിച്ച് 18+ എന്ന മുന്നറിയിപ്പ് നൽകി എന്നാണ്. ഫേസ്‌ബുക്കിന്റെ പരസ്യ നയങ്ങൾ പ്രകാരം അതിൽ ഉപയോഗിച്ച പല വാക്കുകളും ലൈംഗിക ചുവയുള്ളതായി പരിഗണിച്ചായിരുന്നു ഇത്. ആർത്തവാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോഗ്യ പരമായ അറിവുകളാണെന്നും അവയെ സെൻസർ ചെയ്യരുതെന്നുമാണ് ബോഡി ഫോമിന്റെ നിലപാട്.

അതേസമയം, ചില പരസ്യങ്ങൾ നീക്കം ചെയ്തത് അറിയാതെ പറ്റിയ പിഴവാണെന്നാണ് മെറ്റ പറയുന്നത്. അതിന് ക്ഷമാപണം നടത്തുകയും പരസ്യങ്ങൾ വീണ്ടും പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും മെറ്റ വക്താവ് അറിയിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത ബി ബി സി ത്രീ അവതാരക ചെറി ഹീലേ, സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗിച്ച് തന്റെ 13 കാരിയായ മകളെ എങ്ങനെയാണ് ആർത്തവകാല ശുചിത്വത്തെ കുറിച്ചും ആരോഗ്യ പരിപാലനത്തെ കുറിച്ചും പഠിപ്പിച്ചതെന്ന് വിവരിച്ചു.

കിങ്സ് ക്രോസ്സിലെ മെറ്റ ആസ്ഥാനത്തേക്ക് നൂറുകണക്കിന് വനിതകളായിരുന്നു പ്ലക്കാർഡുകളുമായി പ്രതിഷേധത്തിനെത്തിയത്. സ്ത്രീ ശരീരത്തെ അവഹേളിക്കുന്നതിന് എതിരെയാണ് പ്രതിഷേധം എന്ന് അവർ വ്യക്തമാക്കി. രാവിലെ 7:30 പ്രതിഷേധക്കാർ എത്തിയെങ്കിലും പത്ത് മിനിറ്റ് മാത്രമെ സമരം നീണ്ടു നിന്നുള്ളു. സുരക്ഷാ ജീവനക്കാർ അവരെ തടയുകയും ഓഫീസ് കവാടങ്ങൾ അടക്കുകയും ചെയ്തു.

ശാസ്ത്രം അനുശാസിക്കുന്ന സാങ്കേതിക പദങ്ങൾ പോലും അശ്ലീല വാക്കുകളുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതിനെ പ്രതിഷേധക്കാർ അപലപിച്ചു. ആധുനിക സാങ്കേതിക വിദ്യ ഇത്രയും വികസിച്ച ഇക്കാലത്ത് അൽഗൊരിതത്തിൽ മാറ്റങ്ങൾ വരുത്താൻ ഏറെ ക്ലേശിക്കേണ്ടതില്ല എന്നും അവർ പറഞ്ഞു. ശരീരശാസ്ത്രപരമായ വാക്കുകളും അശ്ലീല പദങ്ങളും തമ്മിൽ തീർച്ചയായും വേർതിരിവ് ഉണ്ടാക്കണം എന്നും അവർ ആവശ്യപ്പെട്ടു.