പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന 'ഗോൾഡ്' ഓണത്തിന് എത്തില്ല. ചിത്രത്തിന്റെ റിലീസിൽ മാറ്റമുള്ളതായി അൽഫോൻസ് പുത്രൻ അറിയിച്ചു. ഓണം കഴിഞ്ഞാകും ചിത്രം റിലീസ് ചെയ്യുക എന്നും കാലതാമസം നേരിടുന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും അൽഫോൻസ് ഫേസ്‌ബുക്കിൽ കുറിച്ചു. പൃഥ്വിരാജും ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

ഓണം റിലീസ് ആയി ചിത്രം തിയറ്ററിൽ എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ റിലീസ് തിയതി പുറത്തുവിട്ടിരുന്നില്ല. ഈ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് റിലീസ് വൈകുമെന്ന് അൽഫോൻസ് അറിയിച്ചത്.

''ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ ''ഗോൾഡ്'' ഓണം കഴിഞ്ഞ് റിലീസ് ചെയ്യും. ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ഗോൾഡ് റിലീസ് ചെയ്യുമ്പോൾ ഈ കാലതാമസം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'', എന്നാണ് അൽഫോൻസ് കുറിച്ചത്.

 

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയൻതാര മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്.

ജോഷി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരൻ ആണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.