ലാഹോർ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വെളിപ്പെടുത്തി പാക്കിസ്ഥാൻ മുൻ നായകൻ ഇൻസമാം ഉൾ ഹഖ്. 'പാക്കിസ്ഥാൻ അൺടോൾഡ്' എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഇൻസിയുടെ അവകാശവാദമുള്ള വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായി. എന്നാൽ ഇൻസമാം ഇക്കാര്യം എപ്പോൾ, എവിടെ വച്ച് പറഞ്ഞുവെന്ന് വ്യക്തമല്ല. ഇൻസിയുടെ വെളിപ്പെടുത്തലുകളിൽ ഭാജി പ്രതികരിച്ചിട്ടുമില്ല.

2008-ലെ മുംബൈ ഭീകരാക്രമണത്തിന് മുമ്പ് നടന്ന ഇന്ത്യയുടെ പാക്കിസ്ഥാൻ പര്യടനത്തിനിടെയായിരുന്നു സംഭവം. പാക് പര്യടനത്തിനിടെ നമസ്‌കാരത്തെത്തിയ ഇർഫാൻ പത്താൻ, മുഹമ്മദ് കൈഫ്, സഹീർ ഖാൻ എന്നിവർക്കൊപ്പം പ്രാർത്ഥന കാണാൻ ഹർഭജൻ സിംഗും എത്തിയിരുന്നെന്നും അവിടെവച്ച് പാക് മതപണ്ഡിതൻ താരീഫ് ജമീലിന്റെ വാക്കുകളിൽ ആകൃഷ്ടനായി ഹർഭജൻ സിങ് ഇസ്ലാം മതം സ്വീകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചുവെന്നുമാണ് വീഡിയോയിൽ ഇൻസമാം ഉൾ ഹഖ് പറയുന്നത്. ഇൻസിയുടെ അവകാശവാദങ്ങൾ ഹർഭജൻ ഒരിക്കലും നിഷേധിക്കുകയോ പാക് ഇതിഹാസത്തെ വിമർശിക്കുകയോ ചെയ്തിട്ടില്ലെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് പാക്കിസ്ഥാൻ അൺടോൾഡിന്റെ ട്വീറ്റിൽ പറയുന്നു.

''പ്രാർത്ഥിക്കാനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് പ്രത്യേക ചേംബറുണ്ടായിരുന്നു. അവിടെ മുല്ല താരിഖ് ജമീൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുമ്പോൾ വിവിധയിടങ്ങളിൽ നിന്ന് അതിഥികളും ഉണ്ടാകുമായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് ഇർഫാൻ പത്താൻ, മുഹമ്മദ് കൈഫ്, സഹീർ ഖാൻ എന്നിവർ പ്രാർത്ഥനകൾക്കായി എത്താൻ തുടങ്ങി. മറ്റ് നാല് ഇന്ത്യൻ താരങ്ങൾ കൂടി അവർക്കൊപ്പമുണ്ടാകും. പ്രാർത്ഥിക്കുന്നത് കാണാൻ വേണ്ടി മാത്രമായിരുന്നു അത്. അതിലൊരാൾ ഹർഭജനായിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷമുള്ള താരിഖ് ജമീലിന്റെ പ്രഭാഷണം ഹർഭജനെ ആകർഷിച്ചിരുന്നു. ഇതോടെയാണ് ഇസ്ലാം മതം സ്വീകരിക്കാനുള്ള ആഗ്രഹം അദ്ദേഹം എന്നോട് വെളിപ്പെടുത്തിയത്.'' - ഇൻസമാം പറഞ്ഞു.

രണ്ട് പതിറ്റാണ്ട് നീണ്ട രാജ്യാന്തര കരിയറിന് ഹർഭജൻ സിങ് കഴിഞ്ഞ വർഷമാണ് വിരാമമിട്ടത്. 1998ൽ പതിനേഴാം വയസിൽ ഇന്ത്യക്കായി അരങ്ങേറിയ ഹർഭജൻ 101 ടെസ്റ്റിൽ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തിൽ നിന്ന് 269 വിക്കറ്റും 28 രാജ്യാന്തര ട്വന്റി 20യിൽ നിന്ന് 25 വിക്കറ്റും 163 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യക്കായി 400 വിക്കറ്റ് നേടിയ ആദ്യ ഓഫ് സ്പിന്നർ, ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ എന്നതടക്കം നിരവധി നേട്ടങ്ങൾ ടർബണേറ്ററുടെ പട്ടികയിലുണ്ട്. 2007ൽ ട്വന്റി 20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിൽ അംഗമായതും സവിശേഷതയാണ്.