തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നാളെ ഔദ്യോഗികമായി വരവേൽക്കും. നാളെ വൈകീട്ട് തുറമുഖത്ത് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. തുറമുഖം യാഥാർഥ്യമാക്കാൻ ഏറെ പരിശ്രമിച്ച ഉമ്മൻ ചാണ്ടിയെ വേണ്ട പോലെ സ്മരിക്കുന്നില്ലെന്ന പരാതി കോൺഗ്രസ് ഉന്നയിച്ചിരുന്നു. ഉള്ളത് പറയുമ്പോൾ തുള്ളൽ വന്നിട്ട് കാര്യമില്ല, നിങ്ങൾ എത്ര തുള്ളിയാലും ആ ക്രഡിറ്റ് ഉമ്മൻ ചാണ്ടിക്കുള്ളതാണ് എന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് മറുപടി നൽകുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ, നടൻ ഹരീഷ് പേരടിയുടെ പോസ്റ്റ് ചർച്ചയാകുന്നു.

ഹരീഷ് പേരടിയുടെ പോസ്റ്റ് ഇങ്ങനെ

നെടുമ്പാശ്ശേരി എയർപോർട്ടിൽ ആളുകൾ കാണാൻ പാകത്തിൽ കരുണാകരൻ സാറിന്റെ ഫോട്ടോയുമില്ല പേരുമില്ല..(എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല)..പക്ഷെ അവിടെ ആ മനുഷ്യന്റെ വികസന സ്വപ്നങ്ങളുടെ അദൃശ്യ സാന്നിധ്യമുണ്ട്...അത് അവിടെ ഇറങ്ങുന്നവർക്കും പോകുന്നവർക്കും അനുഭവപ്പെടും...അതു പോലെയാണ് വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിത്യത്വം ഉമ്മൻ ചാണ്ടി സാറിനുതന്നെ അവകാശപ്പെട്ടതാണ്...നാളെ വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ തന്നെ ആ മുഖമാണ് മലയാളി ഓർമ്മിക്കുക...ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുമ്പോലെ...ദേശീയപാത വികസനം എന്ന് കേൾക്കുമ്പോൾ ഗഡ്കരിയുടെ മുഖം തെളിയുന്നതുപോലെ ...അന്യരുടെ പദ്ധതികൾ കൈയേറുന്നവരെ ചരിത്രം ഓർമ്മിക്കാറെയില്ല ...പൊതുജനത്തിന്റെ നല്ല ഓർമ്മകളിൽ സ്ഥാനം പിടിക്കാൻ വികസനം എപ്പോഴും ഒരു ആയുധമാണ്...എല്ലാ രാഷ്ട്രിയ പ്രസ്ഥാനങ്ങളോടുമായി പറയുന്നു...ജാതിയും,മതവും,വർഗ്ഗീയതയുമല്ല..വികസനം..വികസനം മാത്രം..