തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി എം ടി വാസുദേവൻ നായർ രംഗത്ത് വന്നത് ചർച്ചയായിരിക്കുകയാണ്. മുഖ്യമന്ത്രിയെയോ ഇടതു സർക്കാറിനെയോ പേരു പറയാതെയാണ് നിലവിലെ സമൂഹിക സാഹചര്യങ്ങളെ കുറിച്ച് എം ടി വിമർശനം ഉന്നയിച്ചത്. ഈ പശ്ചാത്തലത്തിൽ, മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എം ടി യാണെന്ന് നടനും, സംവിധായകനുമായ ജോയ് മാത്യു കുറിച്ചു. പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എം ടി സാഹിത്യം വരേണ്യസാഹിത്യം എന്നും അദ്ദേഹം പരിഹസിച്ചു.

ജോയ് മാത്യുവിന്റെ പോസ്റ്റ്:

എഴുത്തുകാരൻ എന്നാൽ

എം ടി എന്ന എഴുത്തുകാരൻ ഉന്നത ശീർഷനാകുന്നത് അധികാരികൾക്ക് മുൻപിൻ റാൻ മൂളിക്കിട്ടുന്ന പദവിയുടെ താൽക്കാലിക തിളക്കങ്ങളിലല്ല ,മറിച്ച് സർവ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താൽ ജനങ്ങളിൽ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്രബോധത്തോടെ നേർക്ക് നേർ നിന്ന് ചോദിക്കുന്നതുകൊണ്ടാണ്.

സത്യമായും മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എം ടി യാണ്. (പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എം ടി സാഹിത്യം വരേണ്യസാഹിത്യം!)

ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ ഇരിക്കെ അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമർശനമാണ് തൊടുത്തുവിട്ടത്. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാം. അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യൻ വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി പറഞ്ഞു.

തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോൽസവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവൻ നായർ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് പതിവില്ലാത്ത വിധം എംടി തുറന്നടിച്ചത്.