കോഴിക്കോട്: ബോക്സിങ് ഇതിഹാസം മുഹമ്മദലിയുടെ മരണത്തിൽ അന്ന് കായികമന്ത്രിയായിരുന്ന ഇ.പി. ജയരാജന്റെ അനുശോചന വാക്കുകൾ ട്രോളുകൾക്ക് ഇടയാക്കിയിരുന്നു. കേരളത്തിലെ കായിക രംഗത്തെ പ്രതിഭയായിരുന്നു മുഹമ്മദലിയെന്നും ഗോൾഡ് മെഡൽ നേടി കേരളത്തിന്റെ പ്രശസ്തി ലോക രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തിയെന്നും അന്ന് ജയരാജൻ കഥയറിയാതെ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇന്ന് സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തെ കുറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണവും ആളുമാറിയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

'അദ്ദേഹത്തിന്റെ വിയോഗം, ജോർജിന്റെ..അദ്ദേഹത്തെ, ഓർക്കാൻ ഒരുപാടുണ്ട് അദ്ദേഹത്തെ കുറിച്ച്. നല്ലൊരു പൊതുപ്രവർത്തകനായിരുന്നു, നല്ലൊരു രാഷ്ട്രീയനേതാവായിരുന്നു അദ്ദേഹം. കഴിവും പ്രാപ്തിയുമുള്ള ആളാണ്. അദ്ദേഹത്തേക്കുറിച്ച് ആർക്കും മോശം അഭിപ്രായമില്ല. ഞങ്ങൾക്ക് അദ്ദേഹത്തോട് സഹതാപമുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖമുണ്ട്', എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

എന്നാൽ, പിന്നീട് തനിക്ക് അബദ്ധം പിണഞ്ഞെന്ന് മനസ്സിലായതോടെ, കെ.ജി. ജോർജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സുധാകരന്റെ പേരിൽ വാർത്താക്കുറിപ്പ് എത്തി. മലയാള സിനിമാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ സംവിധായകനായിരുന്നു കെ.ജി. ജോർജ് എന്ന് പത്രക്കുറിപ്പിൽ പറയുന്നു. പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ട് അദ്ദേഹം മലയാളികളെ അമ്പരപ്പിച്ചു. വാണിജ്യ സാധ്യതകൾക്കൊപ്പം കലാമൂല്യമുള്ള ഒരു പിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ട് മലയാള സിനിമയുടെ പൂമുഖത്ത് സ്വന്തം ഇരിപ്പിടം ഉറപ്പിച്ച അതുല്യനായ കലാകാരനാണ് കെ. ജി. ജോർജ്. ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ട് ചിരപരിചിതമായ വഴികളിൽ നിന്ന് അദ്ദേഹത്തിന്റെ സിനിമകൾ വേറിട്ടു നിന്നു.കെ.ജി. ജോർജിന്റെ വിയോഗം മലയാള സിനിമ മേഖലയ്ക്ക് കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നെന്നും സുധാകരൻ പറഞ്ഞു.