തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് പണിമുടക്കിയതിൽ കേസെടുത്തതിൽ നിന്ന് സർക്കാർ പിന്മാറിയെങ്കിലും ട്രോളുകൾ അവസാനിക്കുന്നില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ളിഫയറും ഉടമയ്ക്ക് തിരിച്ചുനൽകിയിരുന്നു.

കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങുന്ന വേളയിൽ മൈക്ക് പണിമുടക്കുകയായിരുന്നു.വിഷയത്തിൽ കേരളാ പൊലീസ് ആക്ട് 118 ഇ വകുപ്പ് പ്രകാരമായിരുന്നു കന്റോൺമെന്റ് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആരെയും പ്രതി ചേർത്തിരുന്നില്ല.

അനുസ്മരണ ചടങ്ങിനിടെ മൈക്ക് തകരാറിലായി കേസിൽപ്പെട്ട രഞ്ജിത്തിനോട് കോൺഗ്രസ് നേതാക്കൾ ക്ഷ്മ ചോദിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി. ബൽറാം എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക് പോസ്റ്റിട്ടത്.

പ്രിയ രഞ്ജിത്ത്, ഞങ്ങൾ ക്ഷണിച്ച് വരുത്തിയ അതിഥിയുടെ ഔചിത്യക്കുറവും അഹങ്കാരവും കാരണം താങ്കൾക്കും താങ്കളുടെ സംരംഭത്തിനുമുണ്ടായ ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തുന്നു, രാഹുൽ ഫേസ്‌ബുകിൽ കുറിച്ചു.

പരിപാടിയിൽ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിച്ചുകൊണ്ടാണ് വി.ടി. ബൽറാം പോസ്റ്റിട്ടത്. നിയമനടപടികൾ കാരണം രഞ്ജിത്തിനുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂടെയുണ്ടാകുമെന്നും ബൽറാം കുറിച്ചു.