ഫ്ളോറിഡ: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ തന്നെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ മൽപ്പിടിത്തത്തിലൂടെ ഇരുപത്തിനാലുകാരിയായ ഫിറ്റ്നസ് മോഡൽ കീഴ്പ്പെടുത്തുന്നതിന്റെ വീഡിയോ വൈറലാകുന്നു. നഷാലി ആൽമ എന്ന ഫിറ്റ്നസ് മോഡലായ യുവതിയാണ് സേവ്യർ തോമസ് ജോൺസ് എന്ന അക്രമിയെ മൽപ്പിടുത്തത്തിലൂടെ വീഴ്‌ത്തിയത്.

ഫ്ളോറിഡയിലെ ഹിൽസ്ബറോ കൗണ്ടിയിലുള്ള ടാംപയിലെ അപാർട്മെന്റിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യം ഹിൽസ്ബറോ കൗണ്ടി ഷെരീഫിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് നഷാലി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. 'നമ്മൾ ഒരിക്കലും വിട്ടുകൊടുക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചതും അതാണ്. അയാളുമായി മൽപ്പിടിത്തം നടത്തുമ്പോഴും വിട്ടുകൊടുക്കില്ല എന്ന് ഞാൻ മനസിൽ പറഞ്ഞുകൊണ്ടേയിരുന്നു.'-നഷാലി പറയുന്നു.

നഷാലി ജിമ്മിൽ ഒറ്റയ്ക്ക് വ്യായാമം ചെയ്യുമ്പോഴാണ് ഒരാൾ വാതിൽ തുറക്കാൻ ശ്രമിക്കുന്നത് കണ്ടത്. ജിമ്മിൽ വരുന്ന ആളുകൾ പലപ്പോഴും കീ ടാഗുകൾ മറന്നുപോകാറുണ്ട്. അതുകൊണ്ട് വാതിൽ തുറക്കാൻ അയാൾ ശ്രമിക്കുന്നത് കണ്ട് നഷാലിക്ക് അസ്വാഭാവികത ഒന്നും തോന്നിയില്ല.

നേരത്തേ ഇയാളെ ജിമ്മിൽ കണ്ടുള്ള പരിചയവുമുണ്ട്. വ്യായാമം നിർത്തി നഷാലി ഇയാൾക്ക് വാതിൽ തുറന്നുകൊടുത്തു. എന്നാൽ അകത്തു കയറിയെ സേവ്യർ തോമസ് നഷാലിയുടെ പിന്നാലെ ചെന്ന് അവരെ ചുറ്റിപ്പിടിക്കാൻ ശ്രമിച്ചു. നഷാലിയെ തറയിൽ വീഴ്‌ത്തി കീഴ്പ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാൽ കുതറിമാറിയ നഷാലി മൽപ്പിടിത്തത്തിലൂടെ സേവ്യറിനെ കീഴ്പ്പെടുത്തി. ഇതെല്ലാം വീഡിയോയിൽ വ്യക്തമായി കാണാം.

ഫിറ്റ്നസ് പാഠങ്ങൾ ഓൺലൈനിലൂടെ പകർന്നുനൽകുന്ന നഷാലി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയാണ്. 15000-ത്തോളം പേരാണ് അവരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ടിക് ടോക്ക് വീഡിയോകൾക്കും ആരാധകർ ഏറെയുണ്ട്.