റോബിൻ രാധാകൃഷ്ണനെതിരെ നടനും ബിഗ് ബോസ് മുൻ മത്സരാർഥിയുമായ അനൂപ് കൃഷ്ണൻ. രണ്ട് വർഷം മുൻപ് തനിക്ക് മെസേജ് അയച്ച് ബിഗ്‌ബോസിൽ കയറാൻ സഹായിക്കണം എന്നു പറഞ്ഞ വ്യക്തിയാണ് റോബിനെന്ന് അനൂപ് പറയുന്നു. തനിക്ക് മാത്രമല്ല നിരവധി പേർക്ക് ഇതുപോലെ അയാൾ മെസേജ് അയച്ചിരുന്നു. ബിഗ് ബോസ് വീട്ടിൽ കയറണം, പ്രശസ്തനാകണം എന്നായിരുന്നു റോബിൻ പറഞ്ഞതെന്നും അതിന്റെ തെളിവുകൾ തന്റെ കയ്യിൽ ഉണ്ടെന്നും അനൂപ് വെളിപ്പെടുത്തി.

ബിഗ് ബോസ് വീട്ടിൽ കയറുന്നതിനു തൊട്ടു മുൻപ് ഞാൻ അടക്കം ഇതിന് കാരണക്കാരായ എല്ലാ വ്യക്തികളെയും ഇദ്ദേഹം അൺഫോളോ ചെയ്തിരുന്നു. അവിടെ തുടങ്ങുന്നു വ്യക്തി വൈഭവം എന്നും അനൂപ് പറയുന്നു.

അനൂപ് കൃഷ്ണന്റെ വാക്കുകൾ:

റോബിൻ രാധാകൃഷ്ണൻ എന്ന പേരിൽ വാദ പ്രതിവാദങ്ങളും മറ്റും കഴിഞ്ഞ കുറച്ചു കാലങ്ങളിലായിട്ടു സോഷ്യൽ മീഡിയയിൽ ഉണ്ട്. പക്ഷേ ഇപ്പോൾ ഇവിടെ ഇങ്ങനൊരു കുറിപ്പ് എഴുതി ഇടുന്നത് എന്തെന്നാൽ - 2 വർഷങ്ങൾക്ക് മുൻപ് ഒരു വ്യക്തി എനിക്ക് വ്യക്തിപരമായി മേസേജ് അയച്ചും, എനിക്ക് ഷൂട്ട് ഉള്ള സ്ഥലങ്ങളിൽ നിരന്തരം വന്നും, ഫോണിൽ പല തവണകളിൽ വിളിച്ചും ഒരു ജീവിതാഭിലാഷത്തെക്കുറിച്ചു പറഞ്ഞു. ആഗ്രഹത്തെക്കുറിച്ചും സ്വപ്നങ്ങളെകുറിച്ചും പറഞ്ഞു.

ബിഗ് ബോസ് വീട്ടിൽ കയറണം, പ്രശസ്തനാകണം ബാക്കി ഞാൻ നോക്കിക്കോളാം ബ്രോ. ഇതായിരുന്നു ആ വ്യക്തിയുടെ സംസാരം. വെറുതെ അല്ല കൃത്യമായ തെളിവുകൾ ഉണ്ട് കയ്യിൽ. ഞാൻ എനിക്ക് പരിചയം ഉള്ള കുറച്ചു വ്യക്തികളെ പരിചയപ്പെടുത്തി, ഒരു പ്രൊഫൈൽ ഉണ്ടാക്കി അയക്കാൻ പറഞ്ഞു, ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറഞ്ഞു . സീസൺ 4 ബിഗ് ബോസ് മലയാളത്തിൽ ഇദ്ദേഹം കയറി. പിന്നീടാണ് ഞാൻ അറിഞ്ഞത് മറ്റ് പലരെയും എന്നെ സമീപിച്ച പോലെ തന്നെ സമീപിച്ചിരുന്നു എന്ന്. അല്ലെങ്കിലും എനിക്ക് ഒരു അവകാശവാദവും ഇല്ല. റോബിൻ രാധാകൃഷ്ണൻ എന്ന ആ വ്യക്തി പിന്നീട് കേരളം മുഴുവൻ ആരാധകരുള്ള, ബിഗ് ബോസ് താരം ആയി വളർന്നു. ഞാൻ അവതാരകനായി ചെയ്യുന്ന പ്രോഗ്രാമിൽ ഒരു തവണ ഇദ്ദേഹം വന്നപ്പോൾ ആണ് പിന്നീട് കാണുന്നത്. ബിഗ് ബോസ് വീട്ടിൽ കയറുന്നതിനു തൊട്ടു മുൻപ് ഞാൻ അടക്കം ഇതിന് കാരണക്കാരായ എല്ലാ വ്യക്തികളെയും ഇദ്ദേഹം അൺഫോളോ ചെയ്തിരുന്നു. അവിടെ തുടങ്ങുന്നു വ്യക്തി വൈഭവം. ശേഷം നടന്നതൊന്നും ഞാൻ അന്വേഷിക്കേണ്ടതോ ഇടപെടേണ്ടതോ അല്ലാത്തതിനാൽ അവഗണിച്ചിരുന്നു .. എന്നു പറഞ്ഞാൽ 'അവഗണിച്ചിരുന്നു'...

പക്ഷേ ഇന്ന് ബിഗ് ബോസ് സീസൺ 5 ൽ ഒരു വീണ്ടും പങ്കെടുത്ത ശേഷം പ്രോഗ്രാമിന്റെ നടത്തിപ്പിനെ, സുതാര്യതയെ ചോദ്യം ചെയ്ത്, മറ്റുള്ളവരിൽ തെററിദ്ധാരണ പടർത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട് മീഡിയയ്ക്കു കൊടുത്ത അഭിമുഖങ്ങൾ കണ്ടു...

3 ചോദ്യം :

1. സുഹൃത്തേ ബിഗ് ബോസ് ഒരു ഉടായിപ്പു പരിപാടി ആയിരുന്നെങ്കിൽ എന്തിനായിരുന്നു ആദ്യമേ ഇതിന് ഇറങ്ങി തിരിച്ചത് ?

2. താങ്കളുടെ പ്രവർത്തിയുടെ പരിണിത ഫലമായാണ് ആ വീട്ടിൽ നിന്നും പുറത്താകേണ്ടി വന്നത്. മുൻപും, ഇപ്പോഴും. അത് ജീവിതത്തിലും തുടരുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളോടു എന്ത് ആത്മാർഥത ആണുള്ളത് ?

''നിങ്ങളോടു ചോദ്യം ചോദിക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്നതല്ല, ആ ചോദ്യത്തിന് ഞാൻ അർഹനാണോ എന്ന സ്വബോധം ആണ് മനുഷ്യനെ മുന്നോട്ട് ചലിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ''.

3. ചോദ്യത്തെയും, ചോദ്യകർത്താവിനെയും നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ എത്ര കാലം മുന്നോട്ട് പോകും ?

''കാലം ഒരു നാൾ തിരിഞ്ഞു നിൽക്കുന്നതിനു മുൻപേ ചിന്തിക്കുക''

നിങ്ങൾക്കു കിട്ടിയ വേദിയും, അവസരങ്ങളും ജന്മനാ കിട്ടിയതല്ല . ഒരുപാട് പേർ ആഗ്രഹിക്കുന്നതാണ്. നല്ല രീതിയിൽ, ബുദ്ധിപരമായി വിനിയോഗിക്കുക..''നാവാണ് ഏറ്റവും വലിയ ശത്രു''.