ട്വിറ്റർ സ്വന്തമാക്കിയതോടെ എലൻ മസ്‌കിന്റെ കണ്ടകശ്ശനി ആരംഭിച്ചു എന്നാണ് വിമർശകർ പറയുന്നത്. കണ്ടകൻ കൊണ്ടേ പോകൂ എന്ന് പറയുന്നത് പോലെ കണ്ടകശ്ശനി കൊണ്ടുവന്ന ട്വിറ്ററിനെ തുരത്താൻ അണിയറയിൽ പുതിയൊരു ആപ്പ് ഒരുങ്ങുന്നതായി വാർത്തകൾ പുറത്തു വരുന്നു. എലൺ മസ്‌കിന്റെ നിയന്ത്രണത്തോടെ ഉപയോക്താക്കൾക്ക് വന്ന അസംതൃപ്തി മുതലെടുക്കാൻ ശ്രമിക്കുന്നത് ബദ്ധ വൈരിയായ മെറ്റ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഫേസ്‌ബുക്ക് സ്ഥാപനകനായ മാർക്ക് സുക്കെർബെർഗ് ട്വിറ്ററിന് സമാനമായൊരു പ്ലാറ്റ് ഫോം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഈ പുതിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിന്റെ കോഡിങ് വർക്കുകൾ ഈ വർഷം ജനുവരിയിൽ ആരംഭിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവിവിധ മേഖലകളിലെ എണ്ണം പറഞ്ഞ പ്രമുഖർ ഇതിൽ പോസ്റ്റുകൾ ഇടാൻ ഇപ്പോഴേ സമ്മതമറിയിച്ചിട്ടുണ്ടത്രെ.

ഹാരിയുടേയും മേഗന്റെയും ആദ്യ വിവാദ അഭിമുഖമെടുത്ത ഓപ്ര വിൻഫ്രിം മുതൽ ബുദ്ധമതാചാര്യനായ ദലൈ ലാമ വരെ ഇതിൽ അക്കൗണ്ട് തുറക്കാൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സമ്പന്നരും, സ്വാധീനമുള്ളവരും, പ്രശസ്തരുമൊക്കെ ഒരു പുതിയ പ്ലാറ്റ്ഫോമിനായി കാത്തിരിക്കുകയാണെന്ന് മെറ്റ വക്താവ് പറയുന്നു. അതായിരിക്കും തങ്ങൾ നൽകുക എന്നും ഫേസ്‌ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ അറിയിച്ചു.

പുതിയ പ്ലാറ്റ്ഫോമിന് ത്രെഡ്സ് എന്നായിരിക്കും പേര് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പറയുന്നത്. ട്വിറ്ററിലേതുപോലെ ചെറിയ ചെറിയ ടെക്സ്റ്റുകളിലായിരിക്കും ഇതിലെ സന്ദേശങ്ങൾ. എന്നാൽ, ട്വിറ്ററിന്റെ 180 ക്യാരക്ടർ പോസ്റ്റുകളേക്കാൾ നീളം കൂടിയവ ആയിരിക്കും ഇതിൽ വരിക. ട്വിറ്റർ ഉപയോക്താക്കളിൽ വലിയൊരു വിഭാഗം സമാനമായ ഒപുതിയ പ്ലാറ്റ്ഫോം തേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ സമൂഹ മാധ്യമം വരാൻ പോകുന്നത്.

നിലവിൽ ട്വിറ്റർ ഉപേക്ഷിക്കുന്ന ശാസ്റ്റൃജ്ഞന്മാർ, വിദ്യാഭ്യാസ വിചക്ഷണന്മാർ, മുൻ ബഹിരാകാശ യാത്രികർ തുടങ്ങിയവർ അഭയം തേടുന്നത് വികേന്ദ്രീകൃത ഓപ്പൺസോഴ്സ് മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം ആയ മാറ്റോഡോണിനെയാണ്. ഇത് ട്വിറ്ററിനെക്കാൾ ജനാധിപത്യപരമായ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് മാസ്റ്റോഡോൺ ഉപയോഗിക്കുന്നവർ പറയുന്നു.