ലണ്ടൻ: വിംബിൾഡണിൽ മത്സരം കാണാനെത്തിയ നടൻ മോഹൻലാലിന്റെ ചിത്രം പങ്കുവച്ച് വിംബിൾഡൾ പേജ്. ലോകപ്രശസ്ത ടെന്നിസ് ടൂർണമെന്റ് ആയ വിംബിൾഡണിൽ യുക്രൈനിന്റെ എലിന സ്വിറ്റോലാനയും ചെക്ക് റിപബ്ലിക്കിന്റെ മാർക്കെറ്റ വൊൺഡ്രോസോവയും തമ്മിലുള്ള വനിതാ സിംഗിൾസ് സെമി ഫൈനൽ മത്സരം കാണാനെത്തിയതിന്റെ ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

മത്സരത്തിനിടെ അവിടെനിന്ന് എടുത്ത സെൽഫി മോഹൻലാൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അദ്ദേഹം പങ്കുവച്ചിരുന്നു. ആ വൈറൽ ചിത്രമാണ് വിംബിൾഡണിന്റെ ഫേസ്‌ബുക്ക് പേജും പങ്കുവച്ചിരിക്കുകയാണ്.

'വിംബിൾഡണിന് എത്തിയതിൽ സന്തോഷം, സൂപ്പർസ്റ്റാർ മോഹൻലാൽ' എന്ന വരിയോടെയാണ് അവർ ചിത്രം പങ്കുവച്ചിരിക്കുന്നത്. 57 ലക്ഷം ഫോളോവേഴ്‌സ് ഉള്ള പേജ് ആണ് ഇത്. വിംബിൾഡണിൽ യുക്രൈനിന്റെ എലിന സ്വിറ്റോലാനയും ചെക്ക് റിപബ്ലിക്കിന്റെ മാർക്കെറ്റ വൊൺഡ്രോസോവയും തമ്മിലുള്ള സെമിഫൈനൽ മത്സരത്തിനാണ് മോഹൻലാൽ സാക്ഷിയായത്. വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ പ്രസിഡന്റ് കെ മാധവനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

അതേസമയം നിരവധി പ്രോജക്റ്റുകളാണ് മോഹൻലാലിന്റേതായി പുറത്തുവരാനുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം പാർട്ട് 1, സംവിധാന അരങ്ങേറ്റ ചിത്രം ബറോസ്, എം ടി വാസുദേവൻ നായരുടെ രചനകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രത്തിന്റെ ഭാഗമായ ഓളവും തീരവും എന്നിവ ചിത്രീകരണം നടത്ത സിനിമകളാണ്. ഇതിൽ റാം 1 പൂർത്തിയായിട്ടില്ല.



എമ്പുരാൻ, കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ജീത്തു ജോസഫിന്റെ മറ്റൊരു ചിത്രം എന്നിവയും അദ്ദേഹത്തിന്റെ ലൈനപ്പിൽ ഉണ്ട്. മറുഭാഷകൾ എടുത്താൽ രജനികാന്ത് നായകനായെത്തുന്ന നെൽസൺ ദിലീപ്കുമാർ ചിത്രം ജയിലറിൽ അതിഥിവേഷത്തിലും എത്തുന്നുണ്ട് മോഹൻലാൽ. 200 കോടിയുടെ പാൻ ഇന്ത്യൻ ചിത്രം വൃഷഭയിലും മോഹൻലാൽ ആണ് നായകൻ.