കദേശം 87 ലക്ഷം ഇ-മെയിലുകൾ വിശകലനം ചെയ്ത പഠനം നടത്തി ഇ-മെയിൽ അയയ്ക്കാൻ ഏറ്റവും ഉചിതമായ സമയം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ആക്സിയോസ് എച്ച് ക്യൂ വിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ഔദ്യോഗിക വിഷയങ്ങൾ അടങ്ങിയ ആഭ്യന്തര ഈമെയിലുകളായിരുന്നു പഠനത്തിന് വിധേയമാക്കിയത്. പഠന ഫലം പറയുന്നത് ഞായറാഴ്‌ച്ച വൈകിട്ട് 3 മണിക്കും 6 മണിക്കും ഇടയിൽ അയയ്ക്കുന്ന മെയിലുകളാണ് ഏറ്റവുമധികം പേർ വായിക്കുക എന്നാണ്.

ഈ സമയത്ത് അയച്ച മെയിലുകളിൽ 94 ശതമാനം മെയിലുകളും അത് ലഭിച്ചവർ തുറന്ന് വായിച്ചിട്ടുണ്ട്. 50 ജീവനക്കാരിൽ താഴെ മാത്രമുള്ള ചെറിയ കമ്പനികൾ മുതൽ പ്രമുഖ ആഗോള കോർപ്പറേറ്റുകളുടെ വരെ2022 ജനുവരി മുതൽ 2023 മാർച്ച് വരെയുള്ള ആഭ്യന്തര ഈമെയിലുകളായിരുന്നു പഠന വിധേയമാക്കിയത്. സുപ്രധാനമായ മെയിലുകൾ ഞായറാഴ്‌ച്ച വൈകിട്ട് 3 മണിക്കും 6 മണിക്കും ഇടയിൽ അയച്ചാൽ, തിങ്കളാഴ്‌ച്ച ജോലിക്കെത്തുന്ന സഹപ്രവർത്തകന്റെ ഇൻബോക്സിൽ അത് ഏറ്റവും മുകളിലായി ഉണ്ടാകും.

എന്നാൽ, ഇത്‌ടെക്നോ ഇൻവേഷൻ അഥവാ സാങ്കേതിക അധിനിവേശത്തിന്റെ മറ്റൊരു സൂചനയാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഒരു വ്യക്തിയുടെ തൊഴിൽ ആ വ്യക്തിയുടെ വ്യക്തിഗത ജീവിതത്തിലേക്ക് കടന്നുകയറ്റം നടത്തുന്നതിനെയാണ് സാങ്കേതിക അധിനിവേശം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. ആഴ്‌ച്ചയിലെ ഓരോ ദിവസത്തെയും ഓരോ സമയ അളവിലെയും ഈ മെയിൽ സന്ദേശങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് ആക്സിയോസ് എച്ച് ക്യൂ ഈ പഠനം നടത്തിയത്.

നിങ്ങൾ അയയ്ക്കുന്ന ഈമെയിൽ സന്ദേശം, അത് ലഭിക്കുന്ന വ്യക്തി വായിക്കണം എന്നുണ്ടെങ്കിൽ, അത് അയയ്ക്കാൻ പറ്റിയ ഏറ്റവും നല്ല രണ്ടാമത്തെ സമയളവ് ഞായറാഴ്‌ച്ച വൈകിട്ട് 6 മണിക്കും 9 മണിക്കും ഇടയിലാണ്. ഈ സമയകാലയളവിൽ അയച്ച മെയിലുകളിൽ 86 ശതമാനമാണ് തുറന്ന് വായിച്ചിരിക്കുന്നത്. എന്നാൽ, വാരാന്ത്യങ്ങൾ മെയിൽ അയയ്ക്കാൻ നല്ലതല്ല എന്നാണ് ഗവേഷണഫലം പറയുന്നത്. ആഭ്യന്തര മെയിലുകൾ ഏറ്റവും കുറവ് വായിക്കപ്പെടുന്നത് ശനിയാഴ്‌ച്ച പകൽ സമയത്താണെന്നും ഗവേഷണ ഫലം പറയുന്നു.

പ്രവൃത്തി ദിവസങ്ങളിൽ ഈമെയിൽ അയയ്ക്കാൻ ഏറ്റവും മോശം ദിവസം വെള്ളിയാഴ്‌ച്ച വൈകുന്നേരങ്ങളാണെങ്കിൽ ഏറ്റവും ഉചിതമായ സമയം ചൊവ്വാഴ്‌ച്ചകളിലും വ്യാഴാഴ്‌ച്ചകളിലും രാവിലെ 3 മണി മുതൽ രാവിലെ 6 മണി വരെയാണ്. ഈ രണ്ട് ദിവസങ്ങളിലും അയച്ച മെയിലുകളിൽ 75 ശതമാനം മെയിലുകളും അത് ലഭിച്ചവർ തുറന്ന് വായിച്ചിട്ടുണ്ട്. ഈ സമയത്ത് നേരിട്ട് അയയ്ക്കാതെ, ഷെഡ്യുൾ ചെയ്ത് വെച്ച് അയയ്ക്കുന്നതും ജീവനക്കാരുടെ മാനസിക ആരോഗ്യത്തെയും തൊഴിലും വ്യക്തിഗത ജീവിതവുമായുള്ള സന്തുലനത്തെയും പ്രതികൂലമായി ബാധിക്കും എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

സാങ്കേതിക അധിനിവേശം എന്നൊരു പ്രതിഭാസം ഉണ്ടെന്ന് ലീഡ്സ് യൂണിവേഴ്സിറ്റി ബിസിനസ്സ് സ്‌കൂളിലെ അസ്സോസിയേറ്റ് പ്രൊഫസറായ ഡോ. മാത്യു ഡേവിസ് പറയുന്നു. തൊഴിൽ സാങ്കേതിക വിദ്യകൾ വ്യക്തിഗത ജീവിതത്തിലേക്ക് നുഴഞ്ഞു കയറുന്നതാണ് ഈ പ്രതിഭാസം. ഇത് ആളുകളെ കൂടുതൽ സമ്മർദ്ദത്തിൽ ആഴ്‌ത്തുകയും അസംതൃപ്തരാക്കുകയും തൊഴിലും വ്യക്തിഗത ജീവിതവുമായുള്ള അസന്തുലിതാവസ്ഥ തകർക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.