ട്വിറ്ററിനൊരു എതിരാളിയായി മാർക്ക് സുക്കർബർഗ് അവതരിപ്പിച്ച ത്രെഡിന്റെ ഭാവി തുലാസിൽ തൂങ്ങുന്നതായി റിപ്പോർട്ടുകൾ. ഫേസ്‌ബുക്ക് ഉടമകളായ മെറ്റ അവതരിപ്പിച്ച മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം അതിന്റെ ആരംഭ ഘട്ടത്തിൽ പല റെക്കോർഡുകളും തകർക്കുന്ന കാഴ്‌ച്ചയായിരുന്നു കണ്ടത്. 44 മില്യൻ ഉപഭോക്താക്കളെ വരെ നേടിയ ത്രെഡ്സിൽ പക്ഷെ ഇപ്പോൾ പ്രതിദിനം ലോഗ് ഇൻ ചെയ്യുന്നവർ 8 മില്യൻ ആയി കുറഞ്ഞിരിക്കുന്നു.

സെൻസർ ടവറും സിമിലർ വെബ്ബും ചേർന്ന് നടത്തിയ വിശകലനത്തിൽ കണ്ടെത്തിയത് ഈ ആപ്പിൽ ആളുകൾ ചെലവഴിക്കുന്ന സമയവും ഏറെ കുറഞ്ഞിരിക്കുന്നു എന്നാണ്. ആദ്യ അഞ്ച് ദിവസങ്ങളിൽ ഈ ആപ്പ് ആകർഷിച്ചത് 100 മില്യൻ ഉപയോക്താക്കളെയാണ്. ചരിത്രത്തിൽ ഏതൊരു ആപ്പിനും ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വളർച്ചയായിരുന്നു അത്. അന്ന് ദിവസം ശരാശരി 14 തവണയാണ് ഉപയോക്താക്കൾ ഈ ആപ്പ് തുറന്നത്.പ്രതിദിനം ശരാശരി 19 മിനിറ്റ് ഇതിൽ ചെലവഴിക്കുകയും ചെയ്തു.

ഇന്ന്, ഉപയോക്താക്കൾ ആ ആപ്പ് തുറക്കുന്നത് ശരാശരി രണ്ട് മുതൽ മൂന്ന് തവണവരെ മാത്രമാണ്. അതുപോലെ ആപ്പിൽ ചെലവഴിക്കുന്ന സമയം പ്രതിദിനം 2.9 മിനിറ്റുകളായി കുറയുകയും ചെയ്തിരിക്കുന്നു. ആപ്പിന്റെ ഉപയോഗം തുടർച്ചയായി താഴോട്ട് പോകുന്നത് സുക്കർബർഗിന് ആശങ്കയുളവാക്കുന്നുണ്ട്. ട്വിറ്ററിൽ ഇപ്പോൾ നടക്കുന്ന ആശയക്കുഴപ്പം മുതലെടുത്ത് വളരാമെന്ന സുക്കർബർഗിന്റെ കണക്കുകൂട്ടൽ ആകെ തെറ്റിയിരിക്കുന്നു.

നിലവിൽ പ്രതിദിനം 100 മില്യനോളം സജീവ ഉപയോക്താക്കളുള്ള ട്വിറ്ററിനെ എതിരാളിയായ മസ്‌ക് എക്സ് എന്ന് റീബ്രാൻഡ് ചെയ്തിരിക്കുകയാണ്. അതിനിടയിൽ, ട്വിറ്ററിന്റെ അതീവ പ്രാധാന്യമുള്ള പല രഹസ്യങ്ങളും അറിയാവുന്ന ചില മുൻ ജീവനക്കാരെ ജോലിക്കെടുത്തു എന്നതിന് മെറ്റയുടെ പേരിൽ കേസ് നൽകാൻ ഒരുങ്ങുകയാണ് ട്വിറ്റർ.

അതേ സമയം, ത്രെഡിന്റെ ഭാവിയെ കുറിച്ച് സുക്കർബർഗ് തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞെങ്കിലും, ഇപ്പോഴും അത് തങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതലാണെന്നാണ് അദ്ദേഹം പറയുന്നത്.

ഈ വർഷം ഇനിയുള്ള മാസങ്ങളിൽ, ഉപയോക്താക്കളെ പിടിച്ചു നിർത്തുന്നതിനും കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനും ഉള്ള ശ്രമമായിരിക്കും തുടരുക എന്ന് സുക്കർബർഗ് അറിയിച്ചിട്ടുണ്ട്. സ്ഥിരത കൈവരിക്കാൻ അൽപം സമയം എടുക്കും,

ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, സ്റ്റോറീസ്, റീൽസ് എന്നിവയുടെ കാര്യത്തിലെല്ലാം ഇത്തരത്തിലുള്ള സാഹചര്യം അഭിമുഖീകരിച്ചിട്ടുണ്ടെന്നും, സ്ഥിരത കൈവന്നാൽ പിന്നെ വളർച്ചയിൽ ശ്രദ്ധിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളെ സംബന്ധിച്ച് പ്രതിദിന സന്ദർശകരുടെ എണ്ണം, പരസ്യങ്ങൾ ലഭിക്കുന്നതിന് നിർണ്ണായകമായ ഒരു ഘടകമാണ്.