നിങ്ങളുടെ സ്വകാര്യ ടെക്സ്റ്റ് സന്ദേശങ്ങൾ ചോർത്താൻ സാധ്യതയുള്ള ഒരു ആൻഡ്രോയ്ഡ് ആപ്പിനെ കുറിച്ച് ഫേസ്‌ബുക്ക്-വാട്ട്സ്അപ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി വിദഗ്ദ്ധർ രംഗത്ത്. സയ്ഫേമയിലെ ഗവേഷകർ പറയുന്നത് ഒരു പ്രത്യേക ഇനത്തിൽ പെട്ട, ആശയവിനിമയങ്ങൾ ചോർത്തുന്ന ഒരു മാൽവെയർ ഗൂഗിൾ പ്ലേ സ്റ്റോറിനെ ആക്രമിക്കുന്നു എന്നാണ്. നേരത്തെ കണ്ടുപിടിക്കപ്പെട്ട സമാനമായ മാൽവെയറുകൾക്ക് തുല്യമായ പ്രവർത്തന ശൈലിയാണ് ഇതിനെങ്കിലും, ഈ മാൽവെയറിന് കൂടുതൽ പെർമിഷനുകൾ ഉള്ളതിനാൽ കൂടുതൽ അപകടകാരിയാണെന്ന് അവർ പറയുന്നു.

ഉപയോക്താക്കളെ വഞ്ചിച്ച് ആവശ്യമുള്ള വിവരങ്ങൾ എല്ലാം ചോർത്തിയെടുക്കാൻ ഇതിന് കഴിയും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. പ്ലേസ്റ്റോറിൽ നിന്നും ആ ആപ്പ് നീക്കം ചെയ്തിട്ടുണ്ടെങ്കിലും, നിങ്ങൾ അത് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ആൻഡ്രോയ്ഡിൽ അത് ഉണ്ടാകും. അങ്ങനെയെങ്കിൽ, സേഫ്ചാറ്റ് എന്ന് പേരുള്ള ആ ആപ്പ് എത്രയും വേഗം ഡിലിറ്റ് ചെയ്യാനും അവർ ആവശ്യപ്പെടുന്നു.

ഇന്ത്യൻ ഹാക്കർമാരുടെ സംഘമായ ബഹാമുത് ആണ്, നിങ്ങളുടെ ടെക്സ്റ്റുകൾ, കോൾ ലോഗ്സ്, ജി പി എസ് ലൊക്കേഷനുകൾ എന്നിവ ചോർത്താൻ കഴിവുള്ള സ്പൈവെയർ അടങ്ങിയ ഈ ആപ്പിന്റെ പുറകിൽ എന്നാണ് സംശയിക്കുന്നത്. 2017 മുതൽ സജീവമായി രംഗത്തുള്ള ഈ ഹാക്കിങ് സംഘം ആൻഡ്രോയ്ഡ്, ഐ ഒ എസ്, വിൻഡോസ്തുടങ്ങി വിവിവ്ധ പ്ലറ്റ്ഫോമുകളെ ഉന്നം വച്ചിട്ടുണ്ടെന്നും സൈഫേമ പറയുന്നു.

കഴിഞ്ഞ വർഷം ഈ സംഘം ആൻഡ്രോയ്ഡിനുള്ള വ്യാജ വി പി എൻ ആപ്പുകൾ ഉപയോഗിച്ച് ഇരകളുടെ വാട്ട്സ്അപ്, ഫേസ്‌ബുക്ക് മെസഞ്ചർ, സിഗ്‌നൽ, വൈബർ, ടെലെഗ്രാം തുടങ്ങിയവയിൽ നിന്നുള്ള അതീവ രഹസ്യമായ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞിരുന്നു. ചുരുങ്ങിയത് എട്ട് പതിപ്പുകളായുള്ള ബെഹമുത് സപ്വെയറിനെ എസെറ്റ് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത്, ഈ സംഘത്തിന്റെ പ്രവർത്തനം വളരെ പ്രൊഫഷണൽ ആയി മുൻപോട്ട് പോകുന്നു എന്ന് തന്നെയാണ്.

ബഹാമുത് സ്പൈവെയർ സജീവമാക്കിയാൽ, വിദൂര പ്രദേശങ്ങളിൽ ഇരുന്ന ബഹാമുത് ഓപ്പറേറ്റർമാർക്ക് നിയന്ത്രിക്കാൻ കഴിയും എന്ന മുന്നറിയിപ്പും ഈ റിപ്പോർട്ടിൽ ഉണ്ട്. അതുവഴി ഇരകളുമായി ബന്ധപ്പെട പല സ്വകാര്യ വിവരങ്ങളും അവർക്ക് ചോർത്തിയെടുക്കാനും കഴിയും. എസ് എം എസ് സനേശങ്ങൾ, കോൾ ലോഗുകൾ, ഡ്രൈവ് ലൊക്കേഷൻ തുടങ്ങിയ പല കാര്യങ്ങളും അവർക്ക് ലഭ്യമാകും. മാത്രമല്ല, ഇന്റർനെറ്റ് കണക്ഷന്റ്, ടൈപ്പ്, ഐ പി ആഡ്രസ്സ്, സിം സീരിയൽ നമ്പർ തുടങ്ങിയ വിവരങ്ങളും ഈ സ്പൈവെയറിന് ചോർത്താൻ കഴിയും.

സേഫ്ചാറ്റ് ഡൗൺലോഡ് ചെയ്യാൻ ഹാക്കർമാർ ഇരകളെ എങ്ങനെയാണ് പ്രേരിപ്പിച്ചത് എന്ന് സൈഫേമയിലെ വിദഗ്ദ്ധർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ,ഈ സ്പൈവെയർ കൂടുതലായി ലക്ഷ്യം വയ്ക്കുന്നത് തെക്കൻ ഏഷ്യയിലെ ആൻഡ്രോയ്ഡ് ഉപയോക്താക്കളെയാണ് എന്ന് അവർ പറയുന്നു. എന്നാൽ, ഇത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ളവരും ഡൗൺ ലോഡ് ചെയ്തിരിക്കാം.