ന്യൂഡൽഹി: വെണ്ണക്കല്ലിൽ കൊത്തിയെടുത്ത ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ മുഗൾ വാസ്തുവിദ്യയുടെ ശ്രേഷ്ഠ മാതൃകയായാണ് കരുതപ്പെടുന്നത്. യുനെസ്‌കോ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ 1983ലാണ് താജ്മഹൽ ഇടംനേടിയത്.തലമുറകളെ വിസ്മയിപ്പിച്ച താജ്മഹലിനോടുള്ള സഞ്ചാരികളുടെ ഇഷ്ടം സാമൂഹ്യ മാധ്യമങ്ങളുടെ കാലത്തും ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.

ഇൻസ്റ്റഗ്രാമിലെ ഏറ്റവും പ്രിയപ്പെട്ട സാംസ്‌കാരിക പൈതൃക കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ സ്വന്തം താജ്മഹലാണ്. ഇൻസ്റ്റഗ്രാമിലെ ഹാഷ്ടാഗുകൾ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിലാണ് താജ്മഹൽ ഒന്നാമതെത്തിയത്. 2.4 ദശലക്ഷം ഹാഷ്ടാഗുകളാണ് താജ്മഹലിന്റേതായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ടത്.

ഫ്രാൻസിലെ വെർസൈൽസ് കൊട്ടാരമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 2.2 ദശലക്ഷം ഹാഷ്ടാഗുകളുള്ള അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയാണ് മൂന്നാം സ്ഥാനം നേടിയത്. പെറുവിലെ മാച്ചു പിച്ചു, ജോർദാനിലെ പെട്ര എന്നിവയാണ് നാലും അഞ്ചും സ്ഥാനത്തെത്തിയിരിക്കുന്നത്.

ലോകത്തിലേറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന കെട്ടിടങ്ങളിലൊന്ന് കൂടിയാണ് താജ്മഹൽ. വെർസൈൽസ് കൊട്ടാരം ഫ്രാൻസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവും മുൻ ഭരണസിരാകേന്ദ്രവുമാണ്. ലോകചരിത്രത്തിലെ നിർണായകമായ പല സംഭവങ്ങൾക്ക് വേദിയായ കെട്ടിടം എന്ന നിലയിൽ കൂടിയാണ് വെർസൈൽസ് കൊട്ടാരം ലോകത്താകമാനമുള്ള സഞ്ചാരികളെ ആകർഷിക്കുന്നത്.

ഇൻസ്റ്റഗ്രാമിലെ ഏറ്റവും പ്രിയപ്പെട്ട പ്രകൃതിദത്ത പൈതൃക കേന്ദ്രമായി അമേരിക്കയിലെ ഗ്രാൻഡ് കാന്യൻ തിരഞ്ഞെടുക്കപ്പെട്ടു. 4.3 ദശലക്ഷം ഹാഷ്ടാഗുകളാണ് ഗ്രാൻഡ് കാന്യന് ഈ നേട്ടം സ്വന്തമാക്കി കൊടുത്തത്. 3.7 ദശലക്ഷം ഹാഷ്ടാഗുകളുമായി ഇറ്റലിയിലെ അൽമാഫി കടൽതീരം രണ്ടാമതെത്തി. ഇസ്താംബുൾ നഗരം ഇൻസ്റ്റഗ്രാമിലെ ഏറ്റവും പ്രിയപ്പെട്ട പൈതൃക നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. റോമും പ്രാഗുമാണ് ഈ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തെത്തിയത്.

വെണ്ണക്കല്ലിലെ മഹാത്ഭുതമായ താജ്മഹൽ ഉത്തർപ്രദേശിലെ ആഗ്രയിൽ, യമുനാ നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്. ന്യൂഡൽഹിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ ദൂരത്താണിത്. ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്ക് ഷാജഹാൻ ചക്രവർത്തിയാണ് താജ്മഹൽ പണികഴിപ്പിച്ചത്.

1631ലാണ് താജ്മഹലിന്റെയും സമീപത്തുള്ള സ്മാരകങ്ങളുടെയും നിർമ്മാണം തുടങ്ങിയത്. ആയിരക്കണക്കിന് കലാകാരന്മാരും ശിൽപ്പികളും ചേർന്ന് 22 വർഷമെടുത്താണ് പണി പൂർത്തിയാക്കിയത്. അന്ന് 3.2 കോടിയാണതിനു വേണ്ടി ചക്രവർത്തി ചെലവിട്ടത്.

പേഴ്‌സ്യൻ, തുർക്കിക്ക്, സാരസൻ, യൂറോപ്പ്യൻ, രാജപുത് ശൈലികളുടെ സമഞ്ജസമായ സമ്മേളനമാണ് താജ്മഹലിനെ വേറിട്ടതാക്കുന്നത്. കേവലമായ ഒരു ശവകുടീരത്തിൽ നിന്ന് കാലാതിവർത്തിയായ പ്രണയകുടീരമായി ആ വെണ്ണക്കൽ സൗധം മാറിയതും അതുകൊണ്ടു തന്നെ. ഉസ്താദ് അഹമ്മദ് ലാഹോറി, ഉസ്താദ് ഈസ എന്നിവരാണ് താജ്മഹലിന്റെ മുഖ്യ ശിൽപികളായി വിലയിരുത്തപ്പെടുന്നത്.

കുംഭഗോപുരത്തിന്റെ താഴെയാണ് മുംതാസ് മഹലിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിട്ടുള്ളത്. തൊട്ടടുത്തു തന്നെ ഷാജഹാന്റെ കബറിടവുമുണ്ട്. തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് നിലകൊള്ളുന്ന താജ്മഹൽ ഇപ്പോൾ ആർക്കിയോളജിക്കൽ വകുപ്പിന് കീഴിലാണ്.