ന്തരിച്ച നടി സുബി സുരേഷിന്റെ പിറന്നാൾ  ദിനത്തിൽ ഓർമകൾ പങ്കുവച്ച് കുടുംബം. എല്ലാ വർഷത്തേയും പോലെ കേക്ക് മുറിച്ചാണ് സുബിയുടെ പിറന്നാൾ ദിനം വീട്ടുകാർ ഓർമ്മിച്ചത്. എല്ലാ പിറന്നാളിനും കേക്ക് മുറിക്കുന്നത് സുബിയുടെ ശീലമായിരുന്നു. അതായിരുന്നു ഇഷ്ടം. സുബിയുടെ വീട്ടിൽ വച്ചു നടന്ന ചടങ്ങിൽ കുടുംബാംഗങ്ങൾക്കൊപ്പം സുഹൃത്തുക്കളും പങ്കെടുത്തു. സുബിയുടെ യൂട്യൂബ് ചാനലിലൂടെ ചടങ്ങിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.

സുബി ഇല്ലെങ്കിലും എവിടെയോ ഉണ്ടെന്ന തോന്നലിലാണ് തങ്ങൾ ജീവിക്കുന്നതെന്ന് സഹോദരൻ പറഞ്ഞു. എപ്പോഴും തങ്ങൾ സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് സുബിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേച്ചിക്ക് വേണ്ടി ഞങ്ങൾ ഒരു കേക്ക് വാങ്ങിയിട്ടുണ്ട്. എല്ലാ പിറന്നാളിനും കേക്ക് മുറിക്കുന്നതാണ് ചേച്ചിക്ക് ഇഷ്ടം. ചേച്ചി ഇത് കാണുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു- സഹോദരി പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരി 22 നാണ് കരൾ സംബന്ധമായ രോഗത്തെ തുടർന്ന് സുബി വിടപറയുന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. കരൾ മാറ്റിവയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് മരണം. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകൾ കരൾ ദാനം ചെയ്യാൻ തയ്യാറായിരുന്നു. അതിനിടെ അണുബാധ മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു മരണം.

പുരുഷമേൽക്കോയ്മയുണ്ടായിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളിൽ നിറ സാന്നിധ്യമായിരുന്ന സുബി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്. നിരവധി സിനിമകളിലും സുബി വേഷമിട്ടിട്ടുണ്ട്.