വാട്ട്സ്അപ് കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഐഫോൺ- ആൻഡ്രോയ്ഡ് വേർഷനുകളിൽ പുതിയ ഫീച്ചറുകളും എത്തും. രൂപകൽപനയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട ജോലികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാർക്ക് സക്കർബർഗിന്റെ മെസേജിങ് ആപ്പിന് വരുന്ന മാസങ്ങളിൽ പുതിയ മുഖം പ്രതീക്ഷിക്കാം എന്നും അവർ പറയുന്നു.

വാട്ട്സ്അപുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്ന സ്വതന്ത്ര വെബ്സൈറ്റ് ആയ ഡബ്ല്യൂ എ ബീറ്റ ഇൻഫോ പറയുന്നത് നിറങ്ങളിൽ മാറ്റം ഉണ്ടാകുമെന്നും അതോടൊപ്പം അധികമായി പുതിയ ബട്ടണുകൾ എത്തുമെന്നുമാണ്. എന്നാൽ, നിങ്ങളുടെ കൈവശമുള്ള ഫോണിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന ഫീച്ചറുകളിൽ മാറ്റങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

ഓൾ, അൺറീഡ്, പേഴ്സണൽ, ബിസിനെസ്സ് എന്നിങ്ങനെ സന്ദേശങ്ങളെ തരം തിരിക്കാൻ കഴിയും എന്നതാണ് വാട്ട്സ്അപിൽ ഇനി വരാൻ പോകുന്ന സവിശേഷതകളിൽ ഒന്നെന്ന് വെബ്സൈറ്റ് പറയുന്നു. ഇന്റർഫേസ് കൂടുതൽ ആധുനികമാക്കുന്ന തരത്തിൽ നാവിഗേഷൻ ബാറിനുള്ള ബട്ടണുകളെ പുനക്രമീകരിക്കും. അതുകൂടാതെ, ചാറ്റുകളെ ഫിൽറ്റർ ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കും.

പുതിയ ഫീച്ചറുകളിൽ മിക്കതും ഇപ്പോഴും വികസന ഘട്ടത്തിലാണെങ്കിലും ചിലതെല്ലാം വാട്ട്സ്അപ് ബീറ്റയിൽ പരീക്ഷിച്ചു എന്നാണ് ചില സ്രോതസ്സുകൾ പറയുന്നത്. നിറവ്യത്യാസം ഐ ഓ എസ് വേർഷനിൽ പരീക്ഷിച്ചതായും അവർ പറയുന്നു. ടൈം സ്റ്റാമ്പുകളും ടാബുകളും നീല നിറത്തിൽ നിന്നും മാറ്റി പച്ചയുടെ ഒരു പുതിയ ഷേഡിൽ ആയിരിക്കും ഇനിമുതൽ.

മൾട്ടി അക്കൗണ്ട് ഓപ്ഷനും പരീക്ഷിക്കുന്നതായി ചില റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇത് വിജയിച്ചാൽ ഒരേ ഡിവൈസിൽഒന്നിലധികം പ്രൊഫൈലുകൾ പ്രവർത്തനക്ഷമമാക്കാൻ സാധിക്കും. ചുരുക്കത്തിൽ, ഒന്നിലധികം അക്കൗണ്ടുകൾ വേഗത്തിൽ മാറി മാറി ഉപയോഗിക്കാൻ സഹായിക്കുന്ന എക്സ് (പഴയ ട്വിറ്റർ) പോലെയാവും വാട്ട്സ്അപും. ട്വിറ്ററിന്റെ എതിരാളിയായി ത്രെഡ്സ് അവതരിപ്പിച്ചതിന് പിന്നാലെയാണ് സക്കർബർഗ് ഇപ്പോൾ ട്വിറ്ററിന്റെ മറ്റൊരു ഫീച്ചർ വാട്ട്സ്അപിലേക്ക് ഏടുക്കുന്നത്.