ലാഹോർ: വിവാഹ ചടങ്ങുകൾ ആകർഷകമാക്കാൻ വ്യത്യസ്തമായ പരീക്ഷണങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. വ്യത്യസ്ത തരത്തിലുള്ള വിവാഹ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. കണ്ണുകളെ ഈറനണിയിക്കുന്നതും ചുണ്ടിൽ ചിരി വിടർത്തുന്നതുമായ വീഡിയോകൾ ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്. കല്ല്യാണത്തിനിടെ സംഭവിച്ച അബദ്ധങ്ങളും നമ്മൾ വീഡിയോയിൽ കണ്ടിട്ടുണ്ട്.

എന്നാൽ കല്ല്യാണം അടിപൊളിയാക്കാൻ ഭാര്യയ്ക്ക് ഭർത്താവ് സമ്മാനിച്ച ഒരു ലെഹങ്കയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭാര്യയുടെ തിളക്കം കൂടട്ടെ എന്ന് കരുതി വരൻ എൽഇഡി ലൈറ്റ് പിടിപ്പിച്ച ഒരു സ്റ്റൈലൻ ലെഹങ്ക തന്നെ തയ്യാറാക്കി. പാക്കിസ്ഥാനിൽ നിന്നുള്ള എഞ്ചിനീയറായ ഡാനിയൽ അസമാണ് ഈ വ്യത്യസ്തമായ ആശയത്തിന് പിന്നിൽ.

ഡാനിയലിന്റെ ഭാര്യ റേഹാബ് മഖ്സൂദ് ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ സംഗതി വൈറലായി. വിവാഹത്തിന് മുമ്പുള്ള മെഹന്ദി ചടങ്ങിലാണ് റേഹാബ് ഈ മിന്നിക്കത്തുന്ന ലെഹങ്ക ധരിച്ചത്. കിളിപ്പച്ചയും മഞ്ഞയും കലർന്ന നിറത്തിലുള്ള ലെഹങ്കയിൽ ലൈറ്റ് കൂടി വന്നതോടെ വധു വെട്ടിത്തിളങ്ങി. ഇതേ നിറത്തിലുള്ള കുർത്തയാണ് ഡാനിയൽ അസമും ധരിച്ചത്.

'എന്റെ ഈ വസ്ത്രം ഡിസൈൻ ചെയ്തത് ഭർത്താവാണ്. ഏറ്റവും മനോഹരമായ ദിവസം ഞാൻ തിളങ്ങിനിൽക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ആളുകൾ പരിഹസിക്കുമെന്ന് അറിയാമായിരുന്നിട്ടും ഞാൻ ഈ ലെഹങ്ക അണിഞ്ഞു. കാരണം ഒരു പുരുഷനും സ്വന്തം വധുവിന് വേണ്ടി ഇങ്ങനെയൊരു സാഹസത്തിന് മുതിരില്ല'-വീഡിയോക്കൊപ്പം റേഹാബ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇതിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്.. വിവാഹത്തിനിടെ വൈദ്യുതി പോയാലും പ്രശ്നമില്ല, വധു പ്രകാശം പരത്തും' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇലക്ട്രിക്കൽ എഞ്ചിനീയർ വിവാഹം ചെയ്യുമ്പോൾ ഇങ്ങനെയായിരിക്കുമെന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.